.
ചന്ദ്രയാൻ മൂന്ന് ലാൻഡറിലെ ഇൽസ പേലോഡ് രേഖപ്പെടുത്തിയ ചാന്ദ്ര പ്രകമ്പനകളെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ഐഎസ്ആർഒ പുറത്തുവിട്ടു. 2023 ഓഗസ്റ്റ് 26ന് രേഖപ്പെടുത്തിയ പ്രകമ്പനം എന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. ലാൻഡറിലെ ഇൽസ (ഇൻസ്ട്രമെന്റ് ഫോർ ദി ലൂണാർ സെസ്മിക് ആക്ടിവിറ്റി) എന്ന ഉപകരണമാണ് ചന്ദ്രനിലെ പ്രകമ്പനം കണ്ടെത്തിയത്.
പ്രതിഭാസത്തിന്റെ ഉറവിടത്തെ കുറിച്ച് പഠനം തുടങ്ങിയെന്ന് ഐഎസ്ആർഒ അറിയിച്ചു. കൂടാതെ ചന്ദ്രയാൻ മൂന്നിലെ ലൂണാർ സീസ്മിക് ആക്ടിവിറ്റി പേലോഡ് റോവറിന്റെയും മറ്റ് പേലോഡുകളുടെയും ചലനങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റംസ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉപകരണമാണ് ഇൽസ.
സിലിക്കൺ മൈക്രോമാച്ചിംഗ് പ്രക്രിയ ഉപയോഗിച്ച് തദ്ദേശീയമായി നിർമ്മിച്ച ആറ് ഹൈ-സെൻസിറ്റിവിറ്റി ആക്‌സിലറോമീറ്ററുകളുടെ ഒരു ക്ലസ്റ്റർ ആണ് ഇൽസയിലുള്ളത്. സ്വാഭാവിക ഭൂകമ്പങ്ങൾ, ആഘാതങ്ങൾ, കൃത്രിമ സംഭവങ്ങൾ എന്നിവയാൽ ഉണ്ടാകുന്ന ഭൂചലനങ്ങൾ അളക്കുക എന്നതാണ് ഇൽസയുടെ പ്രാഥമിക ലക്ഷ്യം. ഇൽസ കണ്ടെത്തിയ ചന്ദ്രനിലെ പ്രകമ്പനകൾ സംബന്ധിച്ച ഗ്രാഫും ഐഎസ്ആർഒ പുറത്തുവിട്ടു.

