ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തശേഷം ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. വിക്രം ലാൻഡറിന്റെ ഇമേജർ ക്യാമറ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങളാണ് അഭിമാനപുരസ്സരം ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്. ലാൻഡിംഗ് സമയത്ത് പകർത്തിയ ലാൻഡർ ഹൊറിസോണ്ടർ വെലോസിറ്റി ക്യാമറിയിൽ നിന്നുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
ചന്ദ്രയാൻ- 3 ലാൻഡറും MOX-ISTRAC ഉം തമ്മിലുള്ള ആശയവിനിമയം വിജയകരമായി സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. 2023 ഓഗസ്റ്റ് 23വൈകിട്ട് 6.04ഓടെയാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കിയത്.
ചന്ദ്രയാന്റെ ആദ്യ സാങ്കൽപ്പിക സന്ദേശവും ഐഎസ്ആർഒ എക്സ് ഹാൻഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. ഞാൻ ലക്ഷ്യത്തിലെത്തി ഇന്ത്യയും എന്നാണ് ഐതിഹാസികമായ ചന്ദ്രയാൻ-3 അയയ്ക്കാനിടയുള്ള സാങ്കൽപ്പിക സന്ദേശമായി ഐഎസ്ആർഒ പങ്കുവച്ചിരിക്കുന്നത്.
ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറുകയായിരുന്നു. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാൻ തീരുമാനമുണ്ടായിരുന്നെങ്കിലും നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ ലാൻഡിങ് വിജയകരമായി ലാൻഡർ പൂർത്തിയാക്കി.
അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിന് മുൻപ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. ലാൻഡറും റോവറും സൗരോർജത്തിലാണ് പ്രവർത്തിക്കുക. ഒരു ലൂണാർ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമേ ഇവ പ്രവർത്തിക്കൂ.

