ബെംഗളുരു: വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരന് അറസ്റ്റില്‍. അക്രം അഹമ്മദ് (51) എന്നയാളാണ് പിടിയിലായത്. പ്രതിയെ ബെംഗളുരു വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച മാലി-ബെംഗളുരു ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. ലൈംഗിക ഉദ്ദേശ്യത്തോടെയാണ് അക്രം തങ്ങളെ സമീപിച്ചതെന്ന് ഇന്‍ഡിഗോ ക്യാബിന് ക്രൂ മൊഴി നല്‍കിയതായി നോര്‍ത്ത് ഈസ്റ്റ് ബെംഗളുരു ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു.
മാലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള ഇന്‍ഡിഗോ 6ഇ 1128 വിമാനത്തിലാണ് സംഭവം. 3.45ന് വിമാനം പറന്നുയര്‍ന്നശേഷം ബിയര്‍ ആവശ്യപ്പെട്ട് അക്രം എയര്‍ ഹോസ്റ്റസുമാരില്‍ ഒരാളെ സമീപിച്ചു. സര്‍വീസ് നടത്താനെത്തിയ എയര്‍ഹോസ്റ്റസിനോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. മറ്റ് എയര്‍ ഹോസ്റ്റസുമാര്‍ ഇടപെട്ടെങ്കിലും അക്രം അവരെയും മോശമായ രീതിയില്‍ സ്പര്‍ശിച്ചു. വിമാനം ബെംഗളുരുവില്‍ ഇറങ്ങിയശേഷം അക്രമിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.