ഓൺലൈൻ പാസ്‍പോർട്ട് :വ്യാജ വെബ്‍സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോഴും നിലവിലുള്ള പാസ്‍പോർട്ട് പുതുക്കുമ്പോഴും ശ്രദ്ധിക്കേണ്ട സുപ്രധാന അറിയിപ്പുമായി കേന്ദ്ര സർക്കാർ. ഓൺലൈൻ പാസ്‍പോർട്ട് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആറോളം വ്യാജ വെബ്‍സൈറ്റുകളെക്കുറിച്ചാണ് നേരത്തെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നത്. പാസ്‍പോർട്ട് സേവനങ്ങൾക്കായി ഇന്റർനെറ്റിൽ പരതുന്ന പലരും ചെന്ന് കയറുന്നത് ഇത്തരം വ്യാജ വെബ്‍സൈറ്റുകളിലായിരിക്കും എന്നതാണ് ഈ മുന്നറിയിപ്പുകൾക്ക് പിന്നിലെ യാഥാർത്ഥ്യം.

www.passportindia.gov.in എന്നതാണ് പാസ്‍പോർട്ട് സേവനങ്ങൾക്കുള്ള സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ്. എന്നാൽ ഫോം പൂരിപ്പിക്കുന്നതിനും പാസ്‍പോർട്ട് സേവാ കേന്ദ്രത്തിലെ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്നതിനും മറ്റ് സേവനങ്ങൾക്കുമെല്ലാം സംവിധാനമൊരുക്കുന്നു എന്ന തരത്തിലാണ് പല വ്യാജ വെബ്‍സൈറ്റുകളും പ്രവർത്തിക്കുന്നത്. ഇത്തരം സൈറ്റുകളിൽ നൽകുന്ന അപേക്ഷകരുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയ്ക്ക് പുറമെ പാസ്‍പോർട്ട് സേവനങ്ങൾക്കുള്ള ഔദ്യോഗിക ഫീസിന് പുറമെ അധിക ചാർജുകളും ഈടാക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് പാസ്‍പോർട്ട് സേവനങ്ങൾ ആവശ്യമായി വരുമ്പോൾ വ്യാജ വെബ്‍സൈറ്റുകളെ ആശ്രയിക്കാതെ ഔദ്യോഗിക സൈറ്റിലൂടെ തന്നെ അപേക്ഷകൾ സമർപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നത്. ഇതിന് പുറമെ പാസ്‍പോർട്ട് സേവനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാൻ പ്രത്യേക വെബ്‍സൈറ്റോ മൊബൈൽ ആപ്ലിക്കേഷനോ ഇല്ല.

വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ 36 പാസ്പോർട്ട് ഓഫീസുകളും വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 190 ഇന്ത്യൻ നയതന്ത്ര കാര്യലയങ്ങളും വഴിയാണ് പാസ്‍പോർട്ട് സേവനങ്ങൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുകയും സേവനങ്ങൾ നൽകുകയും ചെയ്യുന്നത്. ഇന്ത്യയിലുടനീളം പാസ്‍പോർട്ട് സംബന്ധമായ ഓൺലൈൻ സേവനങ്ങൾക്ക് വേണ്ടി www.passportindia.gov.in എന്ന ഒറ്റ വെബ്‍സൈറ്റ് മാത്രമേയുള്ളൂ. www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org എന്നീ വെബ്സൈറ്റുകൾക്ക് എതിരെയാണ് സർക്കാറിന്റെ മുന്നറിയിപ്പ്.

പല വ്യാജ സൈറ്റുകളും ആവശ്യമായ തിരിച്ചറിയൽ രേഖകൾ വേണ്ടാതെ തന്നെ പാസ്‍പോർട്ട് എടുക്കാം എന്നത് അടക്കമുള്ള വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. അപേക്ഷകരുടെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കാനും പണം നഷ്ടമാവാനും ഇത്തരം വ്യാജ സൈറ്റുകൾ കാരണമാവുമെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →