ഇന്ത്യക്കാര്‍ നൈജര്‍ വിടണം: വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായതോടെ നൈജറില്‍ നിന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. നൈജറിലെ സ്ഥിതിഗതികള്‍ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
വ്യോമഗതാഗതം നിലവില്‍ നിലച്ചിരിക്കുകയാണ്. അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നവര്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണം. സുരക്ഷ ഉറപ്പുവരുത്തണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
നൈജറില്‍ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയിരുന്നു. പ്രസിഡന്റായിരുന്ന മുഹമ്മദ് ബസൗം നിലവില്‍ വീട്ടുതടങ്കലിലാണ്. 2011 മുതല്‍ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്ന ജനറല്‍ അബ്ദുറഹ്മാനെ ഷിയാമി യുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി. ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും ചെയ്ത സൈന്യം തലസ്ഥാനമായ നിയാമെയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ച് മുദ്രവെച്ചു.
ആഭ്യന്തര വിഷയമാണെന്നും വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്നും പറഞ്ഞ ഷിയാമി രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →