പാരീസ്: കിലിയന്‍ എംബാപ്പെയ്ക്കായി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലിന്റെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ചെല്‍സി, ലിവര്‍പൂള്‍ എന്നിവരുടെയും ബിഡുകള്‍ സ്വീകരിച്ച് പി.എസ്.ജി. എന്നാല്‍ എംബാപ്പെ ഈ ക്ലബുകളിലേക്കുപോകാന്‍ വിസമ്മതിച്ചെന്ന് 90 മിനുട്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെല്‍സിയും ലിവര്‍പുളും എംബാപ്പെയെ ലോണില്‍ ടീമിലെത്തിക്കാനും ശ്രമം നടത്തിയിരുന്നു. ചെല്‍സിയിലേക്ക് പോകാന്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്ന എംബാപ്പെ നിലവില്‍ അതിനും സമ്മതമല്ലെന്ന് അറിയിച്ചിട്ടുണ്ട്.
എംബാപ്പെ അടുത്ത സമ്മറില്‍ റയല്‍ മാഡ്രിഡിലേക്കു ചേക്കറുമെന്നാണ് റൂമറുകള്‍. റയലുമായി എംബാപ്പെ ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായാണ് പി.എസ്.ജിയും വിശ്വസിക്കുന്നത്. അടുത്ത സമ്മറില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ട്രാന്‍സ്ഫര്‍ ആയി റയലിലേക്ക് പോകാനാണ് എംബാപ്പെയുടെ പ്ലാന്‍.
ഒരു വര്‍ഷംകൂടി കരാര്‍ നീട്ടിയില്ലെങ്കില്‍ ഈ സീസണില്‍ ഫസ്റ്റ് ടീമില്‍നിന്ന് എംബാപ്പെയെ ഒഴിവാക്കുമെന്ന് പി.എസ്.ജി. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പി.എസ്.ജിയുടെ ഫസ്റ്റ് ടീമിനൊപ്പം എംബാപ്പെ ഇല്ല. പരിശീലനം നടത്തുന്നതുപോലും ഫസ്റ്റ് ടീമിനൊപ്പമല്ല. ഒരുവര്‍ഷം കൂടി കരാര്‍ പുതുക്കിയാല്‍ എംബാപ്പെയ്ക്കായി റിലീസ് ക്ലോസ് വയ്ക്കാനും അതുവഴി അടുത്തവര്‍ഷം റയലിലേക്ക് പോകുമ്പോള്‍ വന്‍ തുക ട്രാന്‍സ്ഫര്‍ ഫീയായി നേടാനും പി.എസ്.ജിക്കാകും. എന്നാല്‍ കരാര്‍ നീട്ടില്ലെന്ന് എംബാപ്പെ ഇന്നലെ ആവര്‍ത്തിച്ചു. ഇതോടെ കടുത്ത ദേഷ്യത്തിലാണ് പി.എസ്.ജിയും ക്ലബ് ഉടമ നാസര്‍ അല്‍ ഖലെയ്ഫിയും.
ഈ സീസണില്‍ എംബാപ്പെയെ ടീമിലെത്തിക്കാന്‍ എന്തായാലും റയലിന് സാധ്യമല്ല. വന്‍ തുക മുടക്കി ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ങാമിനെ ഇതിനകം ടീമിലെത്തിച്ചതിനാല്‍ എംബാപ്പെയെ കൂടി കൊണ്ടുവരാന്‍ റയലിന് സാധ്യമല്ല. അതിനാല്‍ അടുത്ത സീണണില്‍ മാത്രമേ റയല്‍ എംബാപ്പെയെ ടീമിലെത്തിക്കൂ.
മറ്റൊരു സൂപ്പര്‍താരം നെയ്മറെയും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പി.എസ്.ജി. ലഝയിസ് എന്‍ റിക്കെയുടെ പദ്ധതികളില്‍ നെയ്മര്‍ ഇല്ലെന്ന് താരത്തെ അറിയിച്ചുകഴിഞ്ഞു. ബാര്‍സയിലേക്ക് തിരികെപോകാനുള്ള ശ്രമത്തിലാണ് നെയ്മര്‍. ബാര്‍സ മാനേജ്‌മെന്റിനു താല്‍പര്യമുണ്ടെങ്കിലും പരിശീലകന്‍ സാവിക്കും നെയ്മറെ താല്‍പര്യമില്ലെന്നാണ് സൂചന.
നെയ്മറെ കൂടാതെ മാര്‍ക്കോ വെറാറ്റി, ഹ്യഗോ എകിറ്റികെ, യുവാന്‍ ബെര്‍നറ്റ്, റെനാറ്റോ സാഞ്ചസ് എന്നിവരെയും പി.എസ്.ജി. ഒഴിവാക്കും.
ബിഡുകള്‍ സ്വീകരിച്ച് പി.എസ്.ജി.;പോകില്ലെന്ന് എംബാപ്പെ
