കോട്ടയം: പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം രാമകൃഷ്ണന്‍ (74) അന്തരിച്ചു. കരൾ സംബന്ധമായ അസുഖംമൂലം ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സീതാസ്വയംവരത്തിലെ പരശുരാമ വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ കഥകളി വേഷം അധ്യാപകനായിരുന്നു അദ്ദേഹം.
കുടമാളൂര്‍ കരുണാകരന്‍ നായര്‍, കുടമാളൂര്‍ കുഞ്ചുപ്പിള്ള, വാഴേങ്കട കുഞ്ചു നായര്‍, കലാമണ്ഡലം പത്മനാഭന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി എന്നിവരുടെ കീഴില്‍ കഥകളി അഭ്യസിച്ചിട്ടുള്ള അദ്ദേഹം കേരളത്തിലും പുറത്തുമായി നിരവധി വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്.
1978-ൽ കൊട്ടാരക്കര തമ്പുരാൻ അവാർഡ്, 1990-ൽ കോട്ടയം കളിയരങ്ങ് അവാർഡ്, ഗുരു ചെങ്ങന്നൂർ രാമൻപിള്ള ആശാൻ അവാർഡ്, 1991-ൽ ഗുരു പള്ളിപ്പുറം ഗോപാലൻ ആശാൻ അവാർഡ്, 2009-ൽ നാട്യഭാരതി അവാർഡ്, 2010-ൽ കലാമണ്ഡലം ഹൈദരാലിപുരസ്‌കാരം, 2013-ൽ കലാമണ്ഡലം രാമൻകുട്ടി നായർ ആശാൻ സ്മാരക നാട്യശ്രീ അവാർഡ്, 2015-ൽ കുടമാളൂർ കരുണാകരൻ ആശാൻ പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചു.
ഭാര്യ: പ്രേമലത, മക്കള്‍: പ്രേംരാജ് (ദുബായ്), പ്രസീത, മരുമകന്‍: ശ്രീജിത്ത്. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് ചങ്ങനാശ്ശേരി കോട്ടമുറിയിലുള്ള വസതിയില്‍.

