ലോകത്തിലെ ഏറ്റവും വലിയ അണുസംയോജന (ന്യൂക്ലിയാര്‍ ഫ്യൂഷന്‍) പദ്ധതിയ്ക്ക് തുടക്കമിട്ട് ഫ്രാന്‍സ്

ന്യൂഡല്‍ഹി: അണുസംയോജനത്തെ മെരുക്കാനുള്ള കഠിനപ്രയത്നത്തിലാണ് ശാസ്ത്രലോകം. അതുവഴി ഭൂമിയിലെ ഊര്‍ജപ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ ഫ്രാന്‍സില്‍ നിന്നാണ് പുതിയ പദ്ധതി വന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അണുസംയോജന (ന്യൂക്ലിയാര്‍ ഫ്യൂഷന്‍) പദ്ധതിയ്ക്കാണ് ഫ്രാന്‍സില്‍ തുടക്കം കുറിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം നീളുന്ന പദ്ധതി കാലാവധി പൂര്‍ത്തിയാവുന്ന 2025ല്‍ ആദ്യത്തെ അള്‍ട്രാ ഹോട്ട് പ്ലാസ്മ ഉല്‍പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആറു പതിറ്റാണ്ടിലേറെ ആയിട്ടും അണുസംയോജനത്തില്‍ കാര്യമായ വിജയം സാധ്യമായിട്ടില്ലെന്നതാണ് സത്യം. എങ്കിലും ശാസ്ത്ര ലോകം ഏറെ പ്രതീക്ഷയോടെയാണ് പുതിയ പദ്ധതിയെ കാണുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതി വിജയിച്ചാല്‍ കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും സുസ്ഥിര കാര്‍ബണ്‍ വിമുക്ത സമൂഹം സാക്ഷാത്കരിക്കുന്നതിലും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ എഞ്ചിനീയറിംഗ് ശ്രമമാണ് ഈ പദ്ധതി. 23,000 ടണ്‍ ഭാരമുള്ള ഭീമന്‍ റിയാക്റ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ദശലക്ഷക്കണക്കിന് ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. ജംബോ ജെറ്റിനേക്കാള്‍ ഭാരം വരുന്ന ഏകദേശം 3,000 ടണ്‍ സൂപ്പര്‍കണ്ടക്റ്റിംഗ് കാന്തങ്ങള്‍ 200 കിലോമീറ്റര്‍ സൂപ്പര്‍കണ്ടക്ടിംഗ് കേബിളുകളുമായി ബന്ധിപ്പിക്കും. ഇവയെല്ലാം സൂക്ഷക്കുക എല്ലാം ലോകത്തിലെ ഏറ്റവും വലിയ ക്രയോജനിക് പ്ലാന്റ് -269 സിയില്‍ ആണ്. സൂര്യനില്‍ നടക്കുന്ന അണുസംയോജന പ്രവര്‍ത്തനം (ന്യൂക്ലിയര്‍ ഫ്യൂഷന്‍) മെരുക്കിയെടുത്ത് ഭൂമിയില്‍ നടത്താന്‍ കഴിഞ്ഞാല്‍, നമ്മുടെ എല്ലാ ഊര്‍ജപ്രതിസന്ധിയും പടികടക്കും. അണുവികിരണമില്ലാത്ത ശുദ്ധമായ ഊര്‍ജം അനന്തമായി ഉത്പാദിപ്പിക്കാനുള്ള താക്കോലാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍. അത്യുന്നത താപനിലയിലേ അണുസംയോജന പ്രവര്‍ത്തനം നടക്കൂ. ഹൈഡ്രജനായിരിക്കും അതിനുള്ള പ്രധാന ഇന്ധനം. നിലവിലെ ഇന്ത്യയുടെ വൈദ്യുതോത്പാദനത്തിന് ഏതാണ്ട് അഞ്ച് കിലോഗ്രാം ഹൈഡ്രജന്‍ മതി എന്നതാണ് അതിന്റെ ആകര്‍ഷണീയത.

അണുസംയോജനം?

ആണവോര്‍ജം രണ്ട് തരത്തിലുണ്ട്. യുറേനിയം പോലുള്ള വലിയ ആറ്റങ്ങള്‍ പിളര്‍ക്കുമ്പോഴും, ഹൈഡ്രജന്‍ പോലുള്ള ചെറിയ ആറ്റങ്ങള്‍ സംയോജിപ്പിക്കുമ്പോഴും ദ്രവ്യത്തില്‍ ചെറിയൊരു പങ്ക് ഊര്‍ജമായി മാറും. ഐന്‍സ്‌റ്റൈന്‍ 1905ല്‍ മുന്നോട്ടുവെച്ച ഊര്‍ജസമവാക്യം(E=mc2) അനുസരിച്ചാണ് ഇത് സംഭവിക്കുന്നത്. ഇതില്‍ വലിയ ആറ്റങ്ങളെ പിളര്‍ക്കുന്ന പ്രക്രിയയാണ് അണുവിഘടനം അഥവാ ന്യൂക്ലിയര്‍ ഫിഷന്‍ ; ചെറിയ ആറ്റങ്ങളുടെ ന്യൂക്ലിയസുകള്‍ കൂടിച്ചേര്‍ന്ന് ഭാരമേറിയ ന്യൂക്ലിയസുകള്‍ ഉണ്ടാകുന്നതാണ് അണുസംയോജനം അഥവാ ന്യൂക്ലിയര്‍ ഫ്യൂഷന്‍

ആറ്റംബോംബുകളെ അപേക്ഷിച്ച് പതിന്‍മടങ്ങ് സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബിന് അടിസ്ഥാനം അണുസംയോജനമാണ്. സൂര്യന്‍ ഉള്‍പ്പടെയുള്ള നക്ഷത്രങ്ങളുടെ ഊര്‍ജരഹസ്യവും ഇതാണ്. യുറേനിയം ആറ്റം വിഘടിക്കുമ്പോള്‍ ആറ്റത്തിന്റെ ദ്രവ്യമാനത്തിന്റെ 0.1 ശതമാനം മാത്രമാണ് ഊര്‍ജമായി പരിവര്‍ത്തനം ചെയ്യുന്നതെങ്കില്‍, ഹൈഡ്രജന്‍ ആറ്റങ്ങള്‍ സംയോജിച്ച് ഹീലിയം ആറ്റമായി മാറുമ്പോള്‍ 0.5 ശതമാനം ഊര്‍ജമായി മാറുന്നു. അമേരിക്കന്‍ രസതന്ത്രജ്ഞന്‍ വില്യം ഡ്രാപ്പര്‍ ഹാര്‍ക്കിന്‍സ് 1915ല്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.1950 കളില്‍ വന്‍ശക്തികള്‍ ഹൈഡ്രജന്‍ ബോംബിന് പിന്നാലെ കുതിക്കുമ്പോള്‍ തന്നെ, അണുവിഘടനവും അണുസംയോജനവും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് എങ്ങനെ ഉപയോഗിക്കാം എന്ന ആലോചന ലോകത്ത് ശക്തമായി. ജപ്പാനില്‍ ആറ്റംബോംബ് വിതച്ച കൊടിയ നാശത്തിന്റെയും, അതിലും പതിന്‍മടങ്ങ് നശീകരണശേഷിയുള്ളതാണ് ഹൈഡ്രജന്‍ ബോംബ് എന്ന ഭയാശങ്കയുടെയും പശ്ചാത്തലത്തിലാണ്, ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണം ഉപയോഗിക്കാനെന്ന വാദമുയര്‍ന്നത്. അതില്‍ പ്രധാനം ഊര്‍ജോത്പാദനമായിരുന്നു.ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകത്തിന്റെ മുഴുവന്‍ ഊര്‍ജാവശ്യവും അണുശക്തിയാല്‍ നിര്‍വഹിക്കപ്പെടുമെന്ന്, ഇന്ത്യന്‍ ആണവപരിപാടിക്ക് ചുക്കാന്‍ പിടിച്ച ഹോമി ഭാഭയെ പോലുള്ള ശാസ്ത്രജ്ഞര്‍ വിശ്വസിച്ചു. ആ വിശ്വാസം ശരിയായിരുന്നില്ല എന്ന് ഇപ്പോള്‍ നമുക്കറിയാം. അണുവിഘടനം വഴിയുണ്ടാക്കുന്ന വൈദ്യുതി ഇപ്പോഴും വളറെ ചെലവേറിയതാണ്. വലിയ പരിസ്ഥിതി, സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുതാണ് ആണവനിലയങ്ങള്‍. അതേസമയം, അണുസംയോജനം നിയന്ത്രിതമായി നടത്തി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാര്‍ഗം ഇനിയും ഉരുത്തിരിഞ്ഞിട്ടുമില്ല. ഈ പശ്ചാത്തലത്തിലാണ് ഫ്രാന്‍സ് നടത്തിയ മുന്നേറ്റം ശ്രദ്ധേയാകര്‍ഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →