ജര്‍മ്മനിയില്‍ നിന്ന് അമേരിക്കന്‍ സേന പിന്‍മാറ്റം: പുതിയ സൈനീക ആസ്ഥാനം ബെല്‍ജിയത്തില്‍

ന്യൂഡല്‍ഹി: ജര്‍മ്മനിയിലെ അമേരിക്കന്‍ സൈനീകരെ പിന്‍വലിക്കുന്നത് ആരംഭിച്ചു. 12000 സൈനീകരെ പിന്‍വലിക്കുന്നതിന്റെ ഭാഗമായി ജര്‍മ്മനിയിലെ സൈനീക ആസ്ഥാനം ബല്‍ജിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാറ്റോ കരാര്‍ പ്രകാരമുള്ള ഫണ്ട്, പ്രതിരോധത്തിന് ഉപയോഗിക്കുന്നതില്‍ ജര്‍മ്മനി വീഴ്ച വരുത്തിയ സാഹചര്യത്തില്‍ മേഖലയിലെ യുഎസ് സൈനീകരുടെ എണ്ണം 25000 ആയി വെട്ടി കുറയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഈ തീരുമാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ ജര്‍മനിയില്‍ നിന്ന് സൈനീകരെ കുറയ്ക്കുന്നത് തന്ത്രപരമായ തീരുമാനമാണെന്നും സൈനീകരെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്ന സൂചനയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പോംപിയോ നല്‍കിയിരുന്നു. ദക്ഷിണ ചൈനാ കടലിലെ ചൈനീസ് ആധിപത്യവും വെല്ലുവിളിയാണെന്നും പോംപിയോ പറഞ്ഞു. ചൈനയുടെ വെല്ലുവിളികളെ നേരിടാന്‍ യുഎസ് സൈന്യം ഉചിതമായി നിലകൊള്ളുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കാന്‍ പോകുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്രസല്‍സ് ഫോറത്തില്‍ സംസാരിക്കവേ കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും വന്‍ തോതില്‍ സൈനീക സാന്നിധ്യം കൂട്ടുന്നതിനിടെയാണ് അമേരിക്ക നയം വ്യക്തമാക്കുന്നത്. ജര്‍മ്മനിയിലെ അമേരിക്കന്‍ സേനാ സാന്നിദ്ധ്യം കുറയ്ക്കുകയാണെന്നും ഈ സേനയെ ചൈനീസ് ഭീഷണി നേരിടുന്ന തരത്തില്‍ ഏഷ്യയില്‍ പുനര്‍വിന്യസിക്കുമെന്നുമാണ് പോംപിയോ പറഞ്ഞത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും നടപടികള്‍ ഇന്ത്യക്കും, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നും ഇത് കണക്കാക്കി ഉചിതമായ സ്ഥാനങ്ങളിലേക്ക് സേനാ വിന്യാസം നടത്തുകയാണെന്നും പോംപിയോ പറഞ്ഞു.

Share
അഭിപ്രായം എഴുതാം