പാരമ്പര്യവൈദ്യം, ഹോമിയോപ്പതി മേഖലയിലെ സഹകരണത്തെക്കുറിച്ച് ഇന്ത്യയും സിംബാബ്വെയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകി. 2018 നവംബർ 3 നാണ് ധാരണാപത്രം ഒപ്പിട്ടത്.
പാരമ്പര്യവൈദ്യ സമ്പ്രദായങ്ങളുടെയും ഹോമിയോപ്പതിയുടെയും വികസനത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഇത് ഒരു ചട്ടക്കൂടാകും. കൂടാതെ പാരമ്പര്യ വൈദ്യരംഗത്ത് ഇരു രാജ്യങ്ങൾക്കും പ്രയോജനം ചെയ്യും.
താഴെപ്പറയുന്ന മേഖലകളിലാണ് സഹകരണത്തിന് ധാരണ.
- പരിശീലനത്തിനും അധ്യാപന ആവശ്യങ്ങൾക്കുമായി വിദഗ്ധരുടെ കൈമാറ്റം
- ഔദ്യോഗികമായി പരസ്പരം അംഗീകരിക്കുന്ന മരുന്നുസമ്പ്രദായങ്ങളുടെ അംഗീകാരം
- കേന്ദ്ര / സംസ്ഥാന അംഗീകൃത സർവകലാശാലകൾ നൽകുന്ന വിദ്യാഭ്യാസ യോഗ്യതകളുടെ ഉഭയകക്ഷി അംഗീകാരം
- അംഗീകൃത സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ സ്കോളർഷിപ്പ്
- രാജ്യങ്ങളിലെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് യോഗ്യതയുള്ള പരിശീലകർ പരസ്പര അടിസ്ഥാനത്തിൽ പ്രാക്ടീസ് ചെയ്യാൻ അനുമതി
മറ്റേതെങ്കിലും മേഖലകളിലും സഹകരണത്തിന്റെ മാതൃകകൾക്ക് പിന്നീട് ഉഭയകക്ഷി അംഗീകാരം നൽകും