മധ്യപ്രദേശിൽ പന്ത്രണ്ട് വയസുകാരിയെ ബലാംത്സംഗം ചെയ്ത് ക്രൂരമായി മർദിച്ച പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. പ്രാദേശിക പൊതുപ്രവർത്തകരാണ് വീടുകൾ പൊളിക്കാൻ നേതൃത്വം നൽകിയത്. മധ്യപ്രദേശിലെ സ്തന ജില്ലയിലാണ് പന്ത്രണ്ട് വയസുകാരി ക്രൂരമായി പീഡനത്തിനിരയായത്. 2023 ജൂലൈ 27 വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രതികൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുകയായിരുന്നു. പീഡനത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
മൈഹാർ ടൗണിലെ ക്ഷേത്രം ട്രസ്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയായിരുന്നു പ്രതികളായ രവി ചൗധരിയും അതുൽ ബദോലിയയും. പീഡനത്തെ തുടർന്ന് കേസെടുത്തതിന് പിന്നാലെ മൈഹാർ ക്ഷേത്ര ഭരണ സമിതി ഇരുവരെയും ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
മൈഹാർ മുനിസിപ്പൽ കൗൺസിലിലെ ചീഫ് മുനിസിപ്പൽ ഓഫീസർ പ്രതികളുടെ കുടുംബങ്ങൾക്ക് അവരുടെ ഭൂമിയും കെട്ടിടവും സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. പ്രതികളുടെ വീടുകൾ അനധികൃതമായി നിർമിച്ചതാണെന്ന് തെളിഞ്ഞതായി അധികൃതർ പറഞ്ഞു. ഉദയ്പൂരിലെ വിദിഷ ജില്ലയിലുള്ള ബദോലിയയുടെ വീട് സർക്കാർ ഭൂമിയിലാണ് നിർമ്മിച്ചതെന്നും ന്യൂ മാലിയൻ തോലയിലുള്ള ചൗധരിയുടെ വീട് അനുമതിയില്ലാതെയാണ് നിർമ്മിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

