തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത നടപടി ശരിയായില്ലെന്നാണ് കോൺഗ്രസ് പക്ഷം. അതൊരു സാങ്കേതിക പ്രശ്നംമാത്രമാണ്. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിൻറെ ഭാഗമാണെന്ന് എതിർവാദങ്ങളും ഉയരുന്നുണ്ട്. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസെടുത്തത്. കന്റോമെൻറ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസ്. 118 E KPA ആക്ട് പ്രകാരം (പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യൽ) ആണ് കേസെടുത്തിരിക്കുന്നത്. അയ്യൻകാളി ഹാളിൽ 2023 ജൂലൈ 25ന് ആയിരുന്നു കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന് ഇടക്ക് സാങ്കേതിക തകരാർ ഉണ്ടായിരുന്നു.

