ഷാര്‍ജ: അല്‍താവൂനില്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് മലയാളി പെണ്‍കുട്ടി വീണ് മരിച്ചു. എറണാംകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍ – മേരി പോള്‍ ദമ്പതികളുടെ മകള്‍ സമീക്ഷ(15)യാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. അപകടസമയത്ത് രക്ഷിതാക്കളും ഇരട്ട സഹോദരി മെറിഷ് പോളും വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷം ജനവാസ കേന്ദ്രമായ അല്‍താവൂനില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
പെണ്‍കുട്ടി വീണ് കിടക്കുന്നതു കണ്ട് പരിസരവാസികള്‍ ബുഗൈറ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് ആണ് സംഭവം മാതാപിതാക്കളെ അറിയിച്ചത്.
അജ്മാന്‍ഭവന്‍സ് സ്‌കൂളില്‍ പത്താം ക്ലാസിലേക്ക് പ്രവേശനം നേടിയിരുന്നു. കുട്ടിക്ക് ഒരുവിധത്തിലും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. ദുബയില്‍ ജോലി ചെയ്തിരുന്ന ബിനുപോളിന്റെ കുടുംബം അടുത്തിടെയാണ് ഷാര്‍ജയില്‍ വന്ന് താമസമാക്കിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

