തിരുവനന്തപുരം: ഏക സിവിൽ കോഡ് സംബന്ധിച്ച് സി.പി.എം. നടത്തുന്ന സെമിനാറിൽ സി.പി.ഐ.യും പങ്കെടുക്കില്ല. ദേശീയ കൗൺസിൽ നടക്കുന്നതിനാലാണ് നേതാക്കൾക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നാണ് സി.പി.ഐ.യുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ ഇടതുമുന്നണിയെന്ന രീതിയിൽ നടത്തേണ്ട സെമിനാർ പാർട്ടിപരിപാടിയായി സി.പി.എം. ചുരുക്കിയതിലുള്ള അതൃപ്തിയാണ് സി.പി.ഐ.ക്കുള്ളതെന്നാണ് വിവരം.
സെമിനാറിന്റെ സംഘാടകസമിതിയിൽ സി.പി.ഐ.യുടെ ജില്ലാനേതാക്കൾ ഭാരവാഹികളാണ്. സെമിനാറിന്റെ പൊതുലക്ഷ്യത്തോട് എതിർപ്പില്ലാത്തതിനാൽ ജില്ലാനേതാക്കൾക്ക് അതുമായി സഹകരിച്ച് പ്രവർത്തിക്കാമെന്നാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാട്. 2023 ജൂലൈ 14 മുതൽ മൂന്നുദിവസമാണ് സി.പി.ഐ.യുടെ ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ചേരുന്നത്. ജൂലൈ 15-നാണ് കോഴിക്കോട്ട് സി.പി.എം. സെമിനാർ. സെമിനാർ വിവരം സി.പി.എം. നേതാക്കൾ അറിയിച്ചഘട്ടത്തിൽത്തന്നെ ദേശീയ കൗൺസിൽ നടക്കുന്നതിനാൽ പങ്കെടുക്കാനാകില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചിരുന്നു..
ദീർഘദൂര യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിച്ചതിനാൽ കാനം രാജേന്ദ്രൻ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നില്ല. പക്ഷേ, അദ്ദേഹവും സെമിനാറിൽ പങ്കെടുക്കില്ല.ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്ത മുതിർന്നനേതാക്കളെ ആരെയെങ്കിലും സെമിനാറിൽ പങ്കെടുപ്പിക്കാൻ സി.പി.എം. സമ്മർദം ചെലുത്തുന്നുണ്ട്..
പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള സമരത്തിന് സമാനമായ രീതിയിലുള്ള ഒരു ഇടതുപക്ഷ കൂട്ടായ്മയായിരുന്നു സിവിൽ കോഡിന്റെ കാര്യത്തിലും വേണ്ടതെന്നാണ് സി.പി.ഐ.യുടെ നിലപാട്. മുസ്‌ലിംലീഗിനെ ക്ഷണിച്ചും കോൺഗ്രസിനെ അകറ്റിനിർത്തിയും സെമിനാർ സംഘടിപ്പിക്കാനാണ് സി.പി.എം. തീരുമാനിച്ചത്. എന്നാൽ, ക്ഷണം ലീഗ് കഴിഞ്ഞദിവസം തള്ളിയിരുന്നു. …

