തൃശൂർ : 10 വയസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂർ മാടക്കത്തറ താണിക്കുടത്ത് വാഴപ്പിള്ളി വീട്ടിൽ 46 വയസ്സുള്ള സജീവനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ. എം. രതീഷ് കുമാറിന്റേതാണ് ശിക്ഷാവിധി. 2021 ഓണാവധിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
പോക്‌സോ നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവുമാണ് ശിക്ഷ. പിഴ തുക അതിജീവിതന് നൽകണം. പിഴയടയ്ക്കാത്ത പക്ഷം 10 മാസം കൂടി അധികം തടവുശിക്ഷ അനുഭവിക്കണം. മത്സ്യ വിൽപന നടത്തുന്ന പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടി കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.
13 സാക്ഷികളെയും 14 രേഖകളും തെളിവിൽ ഹാജരാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. 2022 മാർച്ച് 22 ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിയ്യൂർ സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന സുബിൻ ആണ് എഫ്. ഐ. ആർ. റജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.