ന്യൂഡല്‍ഹി: സിപിഎം പിബി, കേന്ദ്രക്കമ്മിറ്റി യോഗങ്ങള്‍ സമാപിച്ചു. കേരളത്തിലെ സ്വര്‍ണകള്ളക്കടത്ത് വിവാദം കമ്മിറ്റികള്‍ ചര്‍ച്ചചെയ്തു. കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശരിയായ ദിശയില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് യോഗം വിലയിരുത്തി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി യോഗം കുറ്റപ്പെടുത്തി. സ്വര്‍ണകള്ളക്കടത്തില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി.
സ്വര്‍ണകള്ളക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യാന്തര ബന്ധമുള്ള കേസ് ആയതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുകയാണ്. സ്വര്‍ണകള്ളക്കടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ല. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത് ബിജെപി, മുസ്ലിംലീഗ് പ്രവര്‍ത്തകരാണ്. അറസ്റ്റിലായ ബിജെപി, ലീഗ് പ്രവര്‍ത്തകര്‍ക്കാണ് ബന്ധമുള്ളത്.
രാജ്യത്തിന്റെ ഇതര മേഖലകളെ അപേക്ഷിച്ച് കേരളത്തില്‍ കൊവിഡ് മരണനിരക്ക് തീരെ കുറവാണ്. രോഗികള്‍ക്ക് വിദഗ്ധചികിത്സ നല്കാന് കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധത്തില്‍ കേരളം നേടിയ മുന്നേറ്റം ഇകഴ്ത്തി കാട്ടുന്നതിനുവേണ്ടി പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. പാര്‍ട്ടിയുടെ നയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതാനായി ഓഗസ്റ്റില്‍ കാംപയിന് നടത്തുമെന്നും യെച്ചൂരി അറിയിച്ചു.

