ന്യൂഡൽഹി: ആധുനിക അർധചാലക ആവാസവ്യവസ്ഥയും അനുപേക്ഷണീയ ഘടകങ്ങളിലൊന്നായ 40 നാനോ മീറ്റർ ചിപ്പുകൾ താമസിയാതെ ഇന്ത്യയിൽ നിർമിച്ച് തുടങ്ങുമെന്നു കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
വൈദ്യുത ഉപഭോഗം കാര്യമായി കുറയ്ക്കുകയും എന്നാൽ പ്രവർത്തന കാര്യക്ഷമത ഏറെ വർധിപ്പിക്കുകയും ചെയ്യുന്നവയാണ് 40 നാനോ മീറ്റർ ചിപ്പുകൾ.
ഏഷ്യയിൽ നിന്നുള്ളവയടക്കം വിവിധ ലോകരാജ്യങ്ങൾ പതിറ്റാണ്ടുകൾക്കു മുന്നേ തന്നെ സെമികണ്ടക്റ്റർ വ്യവസായത്തിൽ പ്രവേശിക്കുകയും ഇതിനോടകം തന്നെ ഈ രംഗത്ത് ഏറെ മുന്നോട്ടുപോവുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഇന്ത്യ അർധചാലക വ്യവസായ മേഖലയിലേക്കു കടക്കുന്നതു തന്നെ 2021ലാണ്. എന്നാൽ കേവലം 18 മാസങ്ങൾക്കുള്ളിൽ രാജ്യത്ത് ഒരു അർധചാലക പാക്കെജിങ് പ്ലാന്റ് സ്ഥാപിക്കാൻ നമുക്ക് കഴിഞ്ഞു.
അതിനു പുറമെ സെമികണ്ടക്റ്റർ മേഖലയിൽ 85,000 വിദഗ്ധ എൻജിനീയർമാരെ പരിശീലിപ്പിക്കാനുള്ള പദ്ധതികൾ ആരംഭിക്കുന്നതു മുതൽ ഈ മേഖലയിലെ തുടർ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കായി ഒരു സെമികണ്ടക്റ്റർ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് വരെയുള്ള നിരവധി പദ്ധതികൾ ഇന്ത്യയുടെ അർധചാലക ആവാസവ്യവസ്ഥയിൽ ഇടം പിടിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ അമെരിക്കൻ സന്ദർശനത്തെത്തുടർന്ന് ചിപ്പ് വ്യവസായത്തിലെ ആഗോള പ്രമുഖരായ മൈക്രോൺ ഇന്ത്യയിൽ തങ്ങളുടെ നിർമാണം ആരംഭിക്കുന്നത് ഈ രംഗത്ത് കൂടുതൽ പ്രാദേശിക ഉത്പന്നങ്ങളുടെ ആവിർഭാവത്തിനു വഴിയൊരുക്കുമെന്നു രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

