ന്യൂഡൽഹി: ബിജെപിക്കെതിരെ ഐക്യം പ്രാഖ്യാപിച്ച് പട്നയിൽ ഒന്നിച്ചുകൂടിയ നേതൃയോഗത്തിനു പിന്നാലെ കോൺഗ്രസിന് മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ കോൺഗ്രസ് പരസ്യമായി രംഗത്തുവന്നില്ലെങ്കിൽ അടുത്ത പ്രാവിശ്യം നടത്തുന്ന നേതൃയോഗത്തിൽ പങ്കെടുക്കില്ലെന്ന് കെജ്രിവാൾ പറഞ്ഞു. കോൺഗ്രസ് ആർക്കൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്നയിൽ ഇന്ന് ചേർന്ന യോഗത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഓർഡിനസിനെതിരെ കോൺഗ്രസും എഎപിയും തമ്മിൽ വാക്പോര് നടന്നതായാണ് റിപ്പോർട്ട്. ബിജെപിയുടെ ധാരണയുടെ പുറത്താണ് ഓർഡിനൻസിനെതിരെ കോൺഗ്രസ് മിണ്ടാത്തതെന്ന എഎപി വക്താവിന്‍റെ പ്രസ്താവന മല്ലികാർജുൻ ഖാർഗെ യോഗത്തിൽ ഉന്നയിച്ചതായുള്ള റിപ്പോർട്ടുകളുണ്ട്. വിയോജിപ്പുകളുണ്ടെങ്കിലും എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കി. അടുത്ത യോഗം ഷിംലയിൽ ചേരാൻ തീരുമാനമായി.

