തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച നിഹാലിന് നാട് വിട നൽകി ജന്മനാട്

മുഴപ്പിലങ്ങാട് ∙: തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച നിഹാലിന് നാട് വിട നൽകി. തലശ്ശേരി ഗവ.ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം 2023 ജൂൺ ] 12 ന് ഉച്ചയ്ക്ക് 12.30 ഓടെ മുഴപ്പിലങ്ങാട്ടെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ സ്ഥലത്തേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. വൻ ജനാവലിയെ നിഹാലിന്റെ വീടിനും പരിസരത്തിനും ഉൾക്കൊള്ളാനാവാതെ വന്നപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ ഏറെ പേരെ കെട്ടിനകം പപരിസരത്തേക്ക് മാറ്റി. പള്ളിയിൽ പൊതു ദർശനത്തിനു വച്ചപ്പോഴും നിഹാലിന്റെ മൃതദേഹം ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും വൻ ജനാവലി എത്തി.

തുടർന്ന് മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ എടക്കാട് മണപ്പുറം ജുമാമസ്ജിദ്ദ് ഖബർ സ്ഥാനിൽ കബറടക്കി. നിഹാലിന്റെ മൃതദേഹം ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും ജൂൺ 12 തിങ്കളാഴ്ച രാവിലെ മുതൽ തന്നെ മുഴപ്പിലങ്ങാട് കെട്ടിലകം പള്ളിക്ക് സമീപമുളള ദാറുൽ റഹ്മ വീട്ടിലേക്ക് ആയിരങ്ങൾ എത്തി.

മന്ത്രി വി.എൻ.വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, മേയർ ടി.ഒ.മോഹനൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ശ്രീമതി, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് പി.പി.ദിവ്യ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. സ്ഥലത്തെത്തിയ ജനപ്രതിനിധികളോടൊക്കെ തെരുവുനായ ശല്യം പരിഹരിക്കാത്ത അധികൃതരുടെ നിസ്സംഗതയെക്കുറിച്ച് പറഞ്ഞ് മുഴപ്പിലങ്ങാട്ടെ ജനം രോഷം പ്രകടിപ്പിച്ചു.

ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ നിഹാലിന്റെ വീട്ടിൽ എത്തിയപ്പോഴും ജനം പ്രതിഷേധം അറിയിച്ചു.മുഴപ്പിലങ്ങാട് പത്ത് വയസുകാരൻ തെരുവുനായകളുടെ ആക്രമണത്തിൽ മരിച്ചത് അങ്ങേയറ്റം വേദനാജനകമാണെന്നും സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ കമ്മിഷൻ കക്ഷി ചേരും.

സംഭവത്തിൽ തദ്ദേശ വകുപ്പ് സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, മുഴപ്പിലങ്ങാട് പഞ്ചായത്ത് എന്നിവരോട് വിശദീകരണം തേടും. തെരുവുനായകൾ കുട്ടികളെയടക്കം ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട എബിസി പദ്ധതിയിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു സംഭവത്തെക്കുറിച്ച് 15 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഴപ്പിലങ്ങാട് പഞ്ചായത്ത്സെക്രട്ടറിയോട് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്ആവശ്യപ്പെട്ടു. ജൂലൈയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും ബൈജുനാഥ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →