ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ അവസാനത്തെയാളെയും പുറത്താക്കി ചൈന വീണ്ടും പ്രകോപനപാതയില്‍. ബെയ്ജിങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) വാര്‍ത്താ ഏജന്‍സിയുടെ ലേഖകനോടാണു നാട്ടിലേക്കു മടങ്ങാന്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതോടെ ചൈനയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു പ്രതിനിധികള്‍ ഇല്ലാതാകും. ഈവര്‍ഷമാദ്യം നാല് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ചൈനയിലുണ്ടായിരുന്നു. ഇവരില്‍ പ്രസാര്‍ ഭാരതി, ദ് ഹിന്ദു പ്രതിനിധികളുടെ വിസാ കാലാവധി ഏപ്രിലില്‍ അവസാനിച്ചതോടെ പുതുക്കിനല്‍കിയില്ല. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ കഴിഞ്ഞയാഴ്ച ചൈന വിട്ടു. പി.ടി.ഐ. ലേഖകനോട് ഈമാസംതന്നെ മടങ്ങാനാണു നിര്‍ദേശം.
ഇന്ത്യന്‍ മാധ്യമങ്ങളെ പൂര്‍ണമായി വിലക്കിയതു സംബന്ധിച്ചു പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യമന്ത്രാലയം തയാറായില്ല. ഇന്ത്യയില്‍ ഒരേയൊരു ചൈനീസ് മാധ്യമപ്രവര്‍ത്തകന്‍ മാത്രമാണുള്ളതെന്നും അദ്ദേഹം വിസ പുതുക്കിക്കിട്ടാന്‍ കാത്തിരിക്കുകയാണെന്നും കഴിഞ്ഞമാസം ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിങ് ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെയും ചൈന സെന്‍ട്രല്‍ ടെലിവിഷന്റെയും ലേഖകരുടെ വിസ പുതുക്കിനല്‍കാന്‍ നേരത്തേ ഇന്ത്യന്‍ സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. ചൈനീസ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ തടസമില്ലെന്നും എന്നാല്‍, ചൈനയിലെ സ്ഥിതി മറിച്ചാണെന്നുമാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്. വാര്‍ത്താശേഖരണകാര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ചൈനയില്‍ സഹായികളെത്തേടിയതോടെയാണ് ഏതാനും മാസം മുമ്പ് വിസാവിവാദം രൂക്ഷമായതെന്നാണു സൂചന. ഒരേസമയം മൂന്നുേപരെ മാത്രമേ ഇപ്രകാരം ജോലി ചെയ്യാന്‍ ചൈനീസ് സര്‍ക്കാര്‍ അനുവദിച്ചുള്ളൂ. അതും ചൈനീസ് അധികൃതര്‍ നല്‍കുന്ന പട്ടികയില്‍നിന്നു മാത്രം. ഇന്ത്യ ഈവര്‍ഷം ജി-20, ഷാങ്ഹായ് രാജ്യാന്തര ഉച്ചകോടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിലാണു വിസാ നിഷേധങ്ങള്‍. സെപ്റ്റംബറില്‍ നടക്കുന്ന ജി-20 നേതൃതല ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുക്കുമെന്നാണു കരുതപ്പെടുന്നത്.
യു.എസിനും ഓസ്ട്രേലിയയ്ക്കും വിലക്ക്
മാധ്യമരംഗത്ത് ഇന്ത്യയുമായി മാത്രമല്ല, അമേരിക്കയുമായും ചൈന ശീതയുദ്ധത്തിലാണ്. ചൈനീസ് മാധ്യമ്രപതിനിധികളുടെ എണ്ണം ട്രംപ് ഭരണകൂടം നിയന്ത്രിച്ചതോടെ ചൈനയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. ചൈനീസ് മാധ്യമങ്ങള്‍ ചാരവൃത്തി നടത്തുന്നുവെന്ന തരത്തിലായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിനേത്തുടര്‍ന്ന് രണ്ട് ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ 2020-ല്‍ ചൈന വിട്ടു. തുടക്കത്തില്‍ രാജ്യം വിട്ട് പോകാന്‍പോലും അനുമതി ലഭിക്കാതിരുന്നതിനേത്തുടര്‍ന്ന് ഇരുവര്‍ക്കും ഓസ്ട്രേലിയന്‍ എംബസിയില്‍ അഞ്ചുദിവസം അഭയം തേടേണ്ടിവന്നു. അതേവര്‍ഷം ഓസ്ട്രേലിയയിലെ തങ്ങളുടെ മാധ്യമ്രപവര്‍ത്തകരുടെ വസതികള്‍ റെയ്ഡ് ചെയ്യപ്പെട്ടതായി ചൈനീസ് സര്‍ക്കാരും ആരോപിച്ചു.

