മലപ്പുറം: പൊന്നാനി നഗരസഭാ പരിധിയില്‍ സമ്പര്‍ക്ക രോഗ വ്യാപന പശ്ചാത്തലത്തില്‍ നടന്ന രണ്ടാമത് ആന്റിജെന്‍ പരിശോധനകള്‍ പൂര്‍ത്തിയായി. രണ്ട് പേരുടെ ഫലം കൂടി പോസിറ്റിവായതോടെ രണ്ടാം ഘട്ട പരിശോധനയില്‍ ആകെ അഞ്ച് പേരുടെ ഫലം മാത്രമാണ് പോസിറ്റീവായത്. ഇതോടെ പൊന്നാനിയില്‍ സാമൂഹ്യ വ്യാപന സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. രണ്ടാം ദിനം എ.വി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 118 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പൊന്നാനി എ.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പൊന്നാനി എം.ഐ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ പരിശോധന കേന്ദ്രങ്ങളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ആന്റിജെന്‍ ടെസ്റ്റില്‍ 350 പേരെയാണ് പരിശോധിച്ചത്.
സമ്പര്‍ക്ക വ്യാപനത്തിന്റെ തുടക്കത്തില്‍ നഗരസഭയും ജില്ലാഭരണകൂടവും ആരോഗ്യ വിഭാഗവും പൊലീസും നടത്തിയ നിരന്തരമായ ഇടപെടലുകളാണ് പൊന്നാനി യില്‍ സാമൂഹ്യ വ്യാപനം ഇല്ലാതാക്കിയത്. നഗരസഭയും താലൂക്ക് ആശുപത്രിയും പൊലീസ് സ്റ്റേഷനും വരെ സമ്പര്‍ക്ക വ്യാപനത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്നു.
എടപ്പാളിലെ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പൊന്നാനിയില്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് നഗരസഭയുടെ വിവിധ വാര്‍ഡുകളിലും ക്ലസ്റ്ററുകളിലുമായി നടന്ന 2,344 ആന്റിജെന്‍ ടെസ്റ്റില്‍ 113 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എല്ലാ വാര്‍ഡുകളിലും ശാസ്ത്രീയ സര്‍വേയും ആവശ്യമായ ടെസ്റ്റുകളും നടത്താന്‍ തീരുമാനിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള റാപിഡ് ആക്ഷന്‍ ഫോഴ്സിന്റെ പ്രത്യേക മെഡിക്കല്‍ സംഘം പൊന്നാനി യില്‍ അഞ്ച് ദിവസം ക്യാമ്പ് ചെയ്താണ് കര്‍മ്മ പരിപാടിക്ക് നേതൃത്വം നല്‍കിയത്. വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത നഗരസഭ വളണ്ടിയര്‍മാരും ആശാ പ്രവര്‍ത്തകരും ഉള്‍പ്പെടെ 153ല്‍ പരം പേര് മുഴുവന്‍ വീടുകളിലും സര്‍വേ നടത്തി ലക്ഷണമുള്ള വരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിരുന്നു. മെഡിക്കല്‍ സംഘം സൂക്ഷ്മ പരിശോധന നടത്തിയാണ് ആന്റിജെന്‍ ടെസ്റ്റിന് വിധേയമാക്കേണ്ടവരെ തെരഞ്ഞെടുത്തത്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6412/The-second-phase-of-antigen-testing-has-been-completed-in-Ponnani.html

