അമൽജ്യോതി എൻജിനിയറിങ് കോളേജ് മാനേജ്മെന്റിനെ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് ശ്രദ്ധയുടെ കുടുംബം

കോട്ടയം: കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ശ്രദ്ധ ആറു മാസം മുമ്പ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനെ ആത്മഹത്യ കുറിപ്പായി വ്യാഖ്യാനിച്ച് മാനേജ്മെന്റിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്നാണ് ശ്രദ്ധയുടെ കുടുംബം ആരോപിക്കുന്നത്. ജീവനൊടുക്കിയ ശ്രദ്ധയുടെ മുറിയിൽ നിന്ന് കിട്ടിയ കുറിപ്പിൽ ആത്മഹത്യയുടെ കാരണത്തെ കുറിച്ചുളള സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് 2023 ജൂൺ 8 ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ശ്രദ്ധ സതീഷിന്റെ ആത്മഹത്യയ്ക്കു പിന്നിലെ കാരണങ്ങളെ പറ്റി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ശ്രദ്ധ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു എന്ന കാര്യം പൊലീസ് വ്യക്തമാക്കുന്നത്.

ഞാൻ പോകുന്നു എന്നു മാത്രമാണ് കത്തിൽ എഴുതിയിരുന്നതെന്നും ആത്മഹത്യയുടെ കാരണത്തിലേക്ക് വിരൽചൂണ്ടുന്ന സൂചനകളൊന്നും കത്തിൽ ഉണ്ടായിരുന്നില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി കോട്ടയം എസ്പി കെ കാർത്തിക് വെളിപ്പെടുത്തുക യായിരുന്നു. എന്നാൽ സമൂഹ മാധ്യമമായ സ്നാപ് ചാറ്റിൽ ആറു മാസം മുമ്പ് ശ്രദ്ധ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ പൊലീസ് ആത്മഹത്യ കുറിപ്പെന്ന് പറയുന്നത് എന്ന് കുടുംബം ചൂണ്ടിക്കാട്ടി. ഇതിന്റെ തെളിവുകളും പുറത്തുവിട്ടു. ആരോപണ വിധേയരായ അധ്യാപകരെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല എന്നും കുടുംബം കുറ്റപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ കത്തിനെ പറ്റിയുളള വിവരങ്ങൾ പുറത്തു വന്നതിനെ സംശയത്തോടെയാണ് ശ്രദ്ധയുടെ സഹപാഠികളും കാണുന്നത്.

അമൽജ്യോതിയിൽ വിദ്യാർഥികൾ ഉന്നയിച്ചതു പോലെയുളള സാഹചര്യം മറ്റ് സ്വാശ്രയ കോളേജുകളിലും നിലനിൽക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി എല്ലാ സ്വാശ്രയ കോളേജുകളിലും പരാതി പരിഹാര സെൽ രൂപീകരിക്കാനുളള സർക്കാർ തീരുമാനം. അധിക ഫീസ് ഈടാക്കുന്നതു മുതൽ അധ്യാപകരുടെ മാനസിക പീഡനങ്ങൾ വരെ സെല്ലിന്റെ പരിധിയിൽ വരുമെന്നും എല്ലാ ക്യാമ്പസുകളിലും വിദ്യാർഥികളുടെ ജനാധിപത്യ അവകാശ സംരക്ഷണത്തിന് നടപടിയുണ്ടാകുമെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →