പാലക്കാട് : പാലക്കയം കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റവന്യുമന്ത്രി കെ രാജൻ അംഗീകരിച്ചു. പാലക്കയം വില്ലേജ് ഓഫീസർക്കെതിരെയും നടപടി എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. സുരേഷ് കുമാറിൽ നിന്ന് ലക്ഷങ്ങളാണ് കൈക്കൂലിയായി വിജിലൻസ് പരിശോധനയിൽ പിടികൂടിയത്. പിടിച്ചെടുത്ത പണവും നിക്ഷേപവും വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തപ്പോൾ കൈക്കൂലി വാങ്ങിയതാണെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ.
3 വർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫീസിൽ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാൾ കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു

