തൃശ്ശൂർ: അതിരപ്പിള്ളിയെ നടുക്കി യുവതിയുടെ കൊലപാതകം. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അതിരപ്പിള്ളിയും പരിസരപ്രദേശങ്ങളും 2023 മെയ് 5 വെള്ളിയാഴ്ച രാവിലെയറിഞ്ഞത് ആരെയും നടുക്കുന്ന കൊലപാതക വാർത്തയായിരുന്നു. അങ്കമാലി കാലടി പാറക്കടവ് സ്വദേശിയായ യുവതിയെ തുമ്പൂർമുഴി വനത്തിൽവെച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം പാറക്കെട്ടിനിടയിൽ ഉപേക്ഷിച്ചെന്നുമാണ് ആദ്യം പുറത്തറിഞ്ഞവിവരം.
തുടർന്ന് പോലീസ് സംഘം തുമ്പൂർമുഴി വനത്തിലെത്തി മൃതദേഹം കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇടുക്കി സ്വദേശി അഖിലിനെയും 05/05/23 വെള്ളിയാഴ്ച സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. പ്രതിയുമായുള്ള തെളിവെടുപ്പും നടന്നു. കാലടി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര(26)യെയാണ് ഇടുക്കി സ്വദേശിയായ അഖിൽ അതിദാരുണമായി കൊലപ്പെടുത്തിയത്. ഏപ്രിൽ 29-ന് നടന്ന കൊലപാതകത്തേക്കുറിച്ചുള്ള വിവരം ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയാണ് പുറത്തറിഞ്ഞത്.
അങ്കമാലിയിലെ സൂപ്പർമാർക്കറ്റിൽ സഹപ്രവർത്തകരായിരുന്ന അഖിലും ആതിരയും ആറുമാസത്തിലേറെയായി സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ അഖിൽ യുവതിയിൽനിന്ന് സ്വർണാഭരണങ്ങളും പണവും വാങ്ങിയിരുന്നു. അടുത്തിടെയായി ആതിര ഇതെല്ലാം തിരികെ ചോദിച്ചതോടെ ഇവർക്കിടയിൽ തർക്കങ്ങളുണ്ടായി. ആതിരയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് പ്രതി തീരുമാനിച്ചു. ഇതനുസരിച്ചാണ് 2023 ഏപ്രിൽ 29 ശനിയാഴ്ച അതിരപ്പിള്ളിയിൽ കൊണ്ടുവന്ന് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരങ്ങൾ.

