വിവാഹമോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

ദില്ലി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകൾക്ക് വിധേയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാർഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ബാധകമായ 6 മാസം കാത്തിരിക്കേണ്ട നിയമപരമായ ബാധ്യതയും ആവശ്യമില്ലെന്നും, ഭർത്താവും ഭാര്യയും തമ്മിലുള്ള ദാമ്പത്യം വീണ്ടെടുക്കാനാകാത്ത തകർച്ചയിലെത്തിയാൽ വിവാഹബന്ധം വേർപെടുത്താമെന്നും കോടതി പറഞ്ഞു. ജീവനാംശം ഉൾപ്പെടെയുള്ള മറ്റ് വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനുള്ള നിർബന്ധിത കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ചിലേക്ക് പരാമർശിച്ച കേസിലെ പ്രധാന പ്രശ്‌നം. ഏഴ് വർഷം മുമ്പ് ജസ്റ്റിസുമാരായ ശിവകീർത്തി സിങ്, ആർ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →