ന്യൂഡല്‍ഹി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതി കോഴക്കേസില്‍ ജാമ്യം തേടി മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന് എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകരായ മനു ശ്രീനാഥ്, സെല്‍വിന്‍ രാജ എന്നിവരാണ് ഹരജി ഫയല്‍ ചെയ്തത്. ശിവശങ്കറിന് ഭരണതലത്തില്‍ ഏറെ സ്വാധീനശക്തിയുണ്ടെന്ന് മുന്‍പ് തന്നെ വ്യക്തമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തേ കേരളാ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിരസിച്ചിരുന്നു. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കം യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണെന്ന് ശിവശങ്കറിന്റെ ജാമ്യഹരജിയില്‍ പറയുന്നു. യൂണിടാക്കിനെ തിരഞ്ഞെടുത്തത് യു എ ഇ കോണ്‍സുലേറ്റാണ്. തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ല. കേസില്‍ കേരളാ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത സ്വാധീനം വഴി തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേരളത്തിലെ ഭരണ കക്ഷിയില്‍ ശിവശങ്കറിന് ഏറെ സ്വാധീനുമുണ്ട്, പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായി വലിയ അടുപ്പമുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഇ ഡിയാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഒന്നാം പ്രതിയാണ് സ്വപ്ന സുരേഷ്.
സുപ്രീം കോടതിയില്‍ ശിവശങ്കറിന്റെ ജാമ്യഹരജി
