ക്യാമറയുടെ ഇടപാടുകളിൽ ദുരൂഹതകൾ ഉണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ∙ എഐ ക്യാമറ പിഴ ഈടാക്കുന്നത് താത്ക്കാലികമായി നിർത്തിവച്ചെങ്കിലും ഭാവിയിൽ ഒരാളിൽനിന്ന് 2,000 മുതൽ 4,000 വരെ പിഴിയുന്ന നടപടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു മുന്നൊരുക്കവുമില്ലാതെ ജനങ്ങളെ ബോധവത്കരിക്കാതെ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത് വളരെ കൗതുകകരമാണ്. ക്യാമറയുടെ ഇടപാടുകളെ സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും വസ്തുതകൾ പുറത്തു വിടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ആരാണ് ഇടപാടുകൾ നടത്തിയത്? എഐ ക്യാമറകൾ വയ്ക്കാനുള്ള ടെൻഡർ വിളിച്ചിട്ടുണ്ടോ? വിളിച്ചിട്ടുണ്ടെങ്കിൽ എത്ര കമ്പനികൾ പങ്കെടുത്തു?. ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് കെൽട്രോൺ വഴി ഒരു സ്വകാര്യ കമ്പനിക്ക് നൽകിയെന്നാണ്. പിഴയായി കിട്ടുന്ന പണത്തിൽ സ്വകാര്യ കമ്പനിക്ക് എത്ര ശതമാനം പോകുമെന്ന് വ്യക്തമാക്കണം. അവ്യക്തതകൾ മാറ്റേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

വിഐപികളെ ഇതിൽ ഒഴിവാക്കിയിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. സാധാരണക്കാരന്റെ കാറിടിച്ചാലും വിഐപിയുടെ കാർ ഇടിച്ചാലും ഒരേ ഫലമാണുള്ളത്. എന്ത് അടിസ്ഥാനത്തിലാണ് വിഐപികളെ ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്? സാധാരണ ജനങ്ങളെ ശിക്ഷിക്കുകയും വിഐപികൾക്ക് പ്രത്യേക സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →