ദില്ലി : മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെ ഡാം സുരക്ഷാ നിയമപ്രകാരം അതോറിറ്റി രൂപീകരിച്ചതായി കേന്ദ്രം സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ പരിപാലന ചുമതല നാലംഗ അതോറിറ്റിക്ക് നൽകിയതായി കേന്ദ്രസർക്കാർ പറഞ്ഞു. ഈ സമിതിയിൽ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഓരോ അംഗങ്ങളുണ്ടാകും. പുതിയ സമിതിയോടെ മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി അപ്രസക്തമാകും.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ഡാം സുരക്ഷാ നിയമപ്രകാരം അതോറിറ്റി രൂപീകരിച്ചതായി കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചത്.
മുല്ലപ്പെരിയാർ കേസ് സുപ്രിംകോടതി പരിഗണിക്കുന്നതിനിടെ കേരളത്തിന് നേരെ തമിഴ്‌നാട് വിമർശനമുന്നയിച്ചു. അനാവശ്യ വിവാദങ്ങൾ ഉയർത്തി സുരക്ഷയുടെ ഭാഗമായ നടപടികൾ തടസപ്പെടുത്തുകയാണ് കേരളമെന്നാണ് വിമർശനം. എർത്ത് ഡാം ശക്തിപ്പെടുത്തുന്നതും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും വൈകിക്കുകയാണ് കേരളമെന്നും തമിഴ്‌നാട് കുറ്റപ്പെടുത്തി.