കൂടത്തായി കൊലപാതക പരമ്പര പ്രഫസറായി നടിച്ച് ജോളി സൗഹൃദങ്ങള്‍ സൃഷ്ടിച്ചിരുന്നതായി സാക്ഷിമൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി എന്‍.ഐ.ടി. പ്രഫസറെന്ന വ്യാജേന സൗഹൃദവലയം തീര്‍ത്തിരുന്നതായി സാക്ഷിമൊഴി. പൊന്നാമറ്റം റോയ് തോമസ് കൊലക്കേസിന്റെ വിചാരണയ്ക്കിടെയാണ് സാക്ഷികള്‍ കോഴിക്കോട് പ്രത്യേക കോടതിയില്‍ മൊഴി നല്‍കിയത്.

കോഴിക്കോട് എന്‍.ഐ.ടിയിലെ പ്രഫസറാണെന്ന വ്യാജേനയാണ് ജോളി സൗഹൃദങ്ങളുണ്ടാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനു ബലമേകുന്ന മൊഴിയാണു 87-ാം സാക്ഷിയും മുന്‍ തഹസില്‍ദാറുമായ ജയശ്രീ വാര്യര്‍, 88-ാം സാക്ഷിയും എന്‍.ഐ.ടിക്കു സമീപം ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സുലേഖ എന്നിവര്‍ 13/04/23 വ്യാഴാഴ്ച നല്‍കിയത്. ജോളി താനുമായി പരിചയം സ്ഥാപിച്ചത് എന്‍.ഐ.ടി. കാമ്പസില്‍ ഒരു ചടങ്ങിനിടെയാണെന്നു ജയശ്രീ വാര്യര്‍ കോടതിയെ അറിയിച്ചു. റോയ് തോമസ് മരിച്ചപ്പോള്‍ നികുതി അടയ്ക്കുന്നത് തന്റെ പേരിലേക്കു മാറ്റണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം വില്ലേജ് ഓഫീസറെ ഫോണില്‍ വിളിച്ച് താന്‍ നിര്‍ദേശം നല്‍കിയതായും ജയശ്രീ വാര്യര്‍ മൊഴിനല്‍കി.

എന്‍.ഐ.ടിയുടെ സമീപത്തുള്ള തന്റെ സ്ഥാപനത്തില്‍ ജോളി വരാറുണ്ടായിരുന്നെന്നും പ്രഫസറാണെന്ന വ്യാജേനയാണു വന്നിരുന്നതെന്നും സുലേഖ മൊഴി നല്‍കി. കുറ്റകൃത്യത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ജോളിയെ സംശയിക്കാനുള്ള ആദ്യകാരണവും എന്‍.ഐ.ടി. പ്രഫസറെന്നതു കള്ളക്കഥയാണെന്ന കണ്ടെത്തലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →