മുംബൈ: റിലയന്‍സ് ഇന്‍സ്ട്രീസിന്റെ ജിയോയും ഗൂഗിളും കൈകോര്‍ക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് ചൈനീസ് കമ്പനികള്‍ പുറത്താക്കപ്പെടും. ലോകത്തെ രണ്ടാമത്തെ വിപണിയായ ഇന്ത്യ തങ്ങള്‍ക്കു നഷ്ടപ്പെടുന്നതോടെ ചൈനീസ് കമ്പനികള്‍ക്ക് ഉണ്ടാവുന്ന സാമ്പത്തിക തകര്‍ച്ച വിലതീരാത്തതായിരിക്കും. 4ജി, 5ജി ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്നതും കുറഞ്ഞവിലയില്‍ സാധാരണക്കാര്‍ക്കും വാങ്ങാവുന്നതുമായ ഓപ്പറേറ്റിങ് സിസ്റ്റം ജിയോ ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിക്കും.
നിലവില്‍ രാജ്യത്തെ പത്തില്‍ എട്ട് സ്മാര്‍ട്ട് ഫോണുകളും ചൈനീസ് കമ്പനികളുടേതാണ്. ഷവോമി, റിയല്‍ മീ, ഓപ്പോ, വിവോ തിടങ്ങിയവ ഇന്ത്യന്‍ വിപണി അടക്കിവാഴുകയാണ്. ഈ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് റിലയന്‍സ് കടന്നുവന്നാല്‍ ചൈനീസ് കമ്പനികള്‍ കെട്ടുകെട്ടേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
2017ലാണ് ജിയോ ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ സേവനമേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനുശേഷം സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍തന്നെ ഉണ്ടായി. ഇപ്പോള്‍ ഇന്ത്യയില്‍ 10 കോടിയോളം പേര് ജിയോ ഫീച്ചര്‍ ഫോണാണ് ഉപയോഗിക്കുന്നത്. 4ജി ഏറ്റവും കുറഞ്ഞനിരക്കില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് ജിയോ ആയിരുന്നു. ഇതോടെ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ജിയോയോട് കിടപിടിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍തോതിലുള്ള വിലക്കുറവ് പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.

