നിലവിൽ പുറത്തുവന്ന സിസിടിവി ദൃശ്യം പ്രതിയുടേതല്ലെന്ന് പൊലീസ്

കോഴിക്കോട്: ഏലത്തൂർ ട്രെയിൻ ആക്രമണത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള റാസിഖിന്റെ മൊഴിപ്പകർപ്പ് പുറത്തുവന്നു.‘ പ്രതി പെട്രോൾ പോലുള്ള ദ്രാവകം ഒരു ചെറിയ കുപ്പിയിലാക്കിയാണ് കൊണ്ടുവന്നത്. ഇതാണ് യാത്രക്കാരുടെ ദേഹത്തേക്ക് ഒഴിച്ചത്. പെട്രോൾ കുടഞ്ഞ പാടെ തീയും കൊളുത്തി. ട്രെയിൻ നല്ല സ്പീഡിലായിരുന്നു. നേരത്തെ ഇയാളെ കണ്ടപ്പോൾ ഫോണോ ബാഗോ ഒന്നും കണ്ടില്ല. നല്ല ഇറക്കം കൂടിയ ഷർട്ടായിരുന്നു ഇട്ടത്. കാഴ്ചയിൽ ഹിന്ദിക്കാരനെ പോലെ തോന്നി. തീ പടർന്ന് കഴിഞ്ഞപ്പോൾ ഇത്തയെയും മകളെയും ട്രെയിനിൽ കണ്ടില്ല. എന്റെ കാലിന് പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ തനിക്ക് ഇനിയും കണ്ടാലറിയാം’. റാസിഖിന്റെ മൊഴിപ്പകർപ്പിൽ പറയുന്നു.

ട്രെയിനിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും പ്രതി നിരീക്ഷിക്കുകയും ചെയ്തതിന്‌ശേഷമാണ് യാത്രക്കാരുടെ നേരെ അതിക്രമം നടത്തിയതെന്നും റാസിഖ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

നിലവിൽ പുറത്തുവന്ന സിസിടിവി ദൃശ്യം പ്രതിയുടേതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ കാപ്പാട് സ്വദേശി ഫായിസ് മൻസൂറാണ്. യുവാവ് ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനിൽ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി വിദ്യാർത്ഥി പോവുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. സിസിടിവിയിൽ ചുവന്ന ഷർട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് സിസിടിവി പ്രതിയുടേതല്ലെന്ന് പൊലീസിന് മനസിലാകാൻ കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →