കുവൈത്തിൽ സ്വദേശി – പ്രവാസി ജനസംഖ്യയിലെ അസന്തുലിത്വം മറികടക്കാൻ നീക്കം

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന താഴ്ന്ന വരുമാനക്കാരായ അവിദഗ്ധ തൊഴിലാളികളെ ഒഴിക്കാനുള്ള പുതിയ കർമപദ്ധതിയുമായി അധികൃതർ. നിയമവിരുദ്ധമായി ഇപ്പോൾ കുവൈത്തിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ള 1.82 ലക്ഷത്തോളം പ്രവാസികളെ നാടുകടത്തുകയാണ് ലക്ഷ്യമെന്ന് അൽ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. രാജ്യത്തെ സ്വദേശി – പ്രവാസി ജനസംഖ്യയിലെ അസന്തുലിത്വം മറികടക്കാനാണ് നീക്കമെന്നാണ് വിശദീകരണം.

കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം വരും ദിവസങ്ങളിൽ ശക്തമായ നടപടികളുമായി രംഗത്തെത്തും. കണ്ടെത്തി നാടുകടത്തേണ്ട ഒന്നര ലക്ഷത്തിലധികം പ്രവാസികളിൽ നല്ലൊരു ഭാഗവും വ്യാജ കമ്പനികളുടെ സ്‍പോൺസർഷിപ്പിലാണ്. രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ശൈഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിലാണ് അനധികൃത പ്രവാസികളെ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.

വ്യാജമായി സംഘടിപ്പിക്കുന്ന വാണിജ്യ ലൈസൻസുകളുടെയും രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ശരിയായ വിലാസം പോലുമില്ലാതെ കടകൾ വാടകയ്ക്ക് എടുത്തും മറ്റും സ്ഥാപിക്കുന്ന കമ്പനികളുടെ പേരിലും വിസാ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് ശൈഖ് തലാൽ അൽ ഖാലിദ് നിർദേശം നൽകിയിരിക്കുന്നത്.

സ്വകാര്യ മേഖലയിലെ 17,000ൽ അധികം കമ്പനികളുടെ ഫയലുകൾ അടുത്തിടെ മാൻപവർ അതോറിറ്റി മരവിപ്പിച്ചിരുന്നു. ഏതാണ്ട് 62,000 തൊഴിലാളികളെ ഈ കമ്പനികളുടെ പേരിൽ രജിസ്റ്റർ ചെയ്‍തിട്ടുണ്ടെന്നും കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് തങ്ങളുടെ നിയമപരമായ പ്രവർത്തനം തെളിയിക്കാനും മറ്റ് രേഖകൾ ശരിയാക്കാനും ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം ഈ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ ആരംഭിക്കും. നിലവിൽ 1,33,000 താമസ നിയമലംഘകർ വിവിധ മേഖലകളിലായി ഉണ്ടെന്നാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ആഭ്യന്തര മന്ത്രാലയവും പുറത്തിറക്കിയ കണക്കുകളിലുള്ളത്. ഇവർക്കെതിരായ നടപടികൾക്കായും പ്രത്യേക കർമപദ്ധതി തയ്യാറാക്കുന്നുണ്ട്. നടപടികൾ പൂർത്തിയാക്കി നിയമലംഘകരെ നാടുകടത്താൻ ഊർജിതമായ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട് പറയുന്നു.

നിലവിൽ ലേബർ വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കടകൾ പോലുള്ള സ്ഥാപനങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവ രേഖകൾ ശരിയാക്കിയ ശേഷം വീണ്ടും പരിശോധനകൾ നടത്തിയിട്ടേ പ്രവർത്തിക്കാൻ അനുവദിക്കൂ. മത്സ്യ മാർക്കറ്റുകളിലെ സ്റ്റാളുകളുടെ ഉടമകളുടെയും മത്സ്യബന്ധന രംഗത്ത് പ്രവർത്തിക്കുന്ന മറ്റുള്ളവരുടെയും വിവരങ്ങളും പരിശോധിക്കുകയാണ്. കാർഷിക രംഗത്തും സമാനമായ പരിശോധന നടക്കും. ഗാർഹിക തൊഴിലാളികളിൽ നല്ലൊരു ശതമാനം പേർ ഫുഡ് ഡെലിവറി ജോലികൾ ചെയ്യുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ രംഗത്തും പരിശോധനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →