ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

മൂന്നാർ : ഇടുക്കിയിലെ അരിക്കൊമ്പൻ കാട്ടാന വീണ്ടും പെരിയ കനാൽ എസ്റ്റേറ്റിൽ എത്തി. ആനയിറങ്കൽ അണക്കെട്ട് ഭാഗത്തേക്കാണ് ആന പോയത്. ഇതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ റോഡിലേക്കിറങ്ങിയ അരിക്കൊമ്പൻ നാലു പേർ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിച്ചിരുന്നു. ജീപ്പിലുണ്ടായിരുന്ന നാലുപേരും കാട്ടാനയെ കണ്ടയുടൻ പുറത്തിറങ്ങി രക്ഷപെടുകയായിരുന്നു. എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം കണ്ടാണ് ആന ജീപ്പ് ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങിയത്. പൂപ്പാറ സ്വദേശികളായ നാല് പേരാണ് ജീപ്പിലുണ്ടായിരുന്നത്.

കോടതി വിധിപ്രകാരം ദൗത്യം മുന്നോട്ടു കൊണ്ടു പോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. അരിക്കൊമ്പൻ കാട്ടാനയെ വനപാലകർ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മാർച്ച് 29-ന് മോക്ക് ഡ്രില്ല് നടത്തിയാലും കോടതി വിധി അനുകൂലമായാലേ മയക്കുവെടി വയ്ക്കാനാകൂ.

മുത്തങ്ങയിൽ നിന്നെത്തിയ കുങ്കിയാനകളെ കാണാൻ ജനം കൂട്ടത്തോടെ എത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് ആനകൾക്ക് അടുത്തേക്ക് പോകുന്നതിൽ നിന്ന് ആളുകളെ തടഞ്ഞിരുന്നു. കാട്ടാനയെ പിടികൂടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത് കോടതി തടഞ്ഞിട്ടില്ലെന്ന് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ പറഞ്ഞു. അരിക്കൊമ്പകനെ മയക്കുവെടി വയ്ക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →