പത്തനാപുരം : ഏഴാം ക്ലാസുകാരൻ അർജുന് നൽകിയ വാക്ക് പാലിച്ച് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം കമുകുംചേരി അഞ്ചുവിനും മകൻ അർജുനും വീടുവെച്ചു നൽകുമെന്ന് എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയിരിക്കുകയാണ്. 2023 മാർച്ച് 25 ശനിയാഴ്ച വീടിന്റെ തറക്കല്ലിടൽ കർമം എംഎൽഎ നിർവഹിച്ചു. അതിന്റെ വിഡിയോയും ഗണേഷ് കുമാർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
സന്തോഷത്താൽ അർജുൻ ഗണേഷ് കുമാറിനെ ചേർത്തുപിടിച്ച് ഉമ്മവെച്ചു. താനൊരു നിമിത്തം മാത്രമാണെന്നും ദൈവമാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നും ഗണേഷ് കുമാർ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു. ഞാനല്ല ഈ വീട് നിർമിച്ച് നൽകുന്നത്, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണ്. കമുകുംചേരിയിൽ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് ജില്ലാ പഞ്ചായത്ത് മെംബറായ സുനിത രാജേഷ് അർജുന്റെ കാര്യം പറയുന്നത്.
പഠനത്തിൽ മിടുക്കനായ അർജുന് അമ്മ മാത്രമേയുള്ളൂവെന്നും നല്ല വീടില്ലെന്നും സുനിത ഗണേഷ്കുമാറിനോട് പറഞ്ഞത്. തുടർന്ന് ഗണേഷ് കുമാർ ഇവരെ സന്ദർശിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാൻ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാൻ നോക്കും. വീടും തരും.’’ – ഗണേഷ് കുമാർ അർജുന് വാക്കുനൽകി. ആ വാക്കാണ് ഗണേഷ്കുമാർ ഇപ്പോൾ പാലിച്ചത്.