മക്ക : ലോകത്തിലെ ഏറ്റവും വലിയ സമൂഹ ഇഫ്താറിന് മക്കയിലെ ഹറം പള്ളിയിൽ തുടക്കമായി. 2023 മാർച്ച് 24 ന് വൈകുന്നേരം നടന്ന ആദ്യത്തെ ഇഫ്താറിൽ ലക്ഷക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്. റമദാന്റെ ആദ്യദിനം 10 ലക്ഷത്തിലേറെ തീർഥാടകർ ഉംറ നിർവഹിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ ഒരുമിച്ചിരുന്ന് ലളിതമായ ആഹാരം കഴിച്ച് നോമ്പ് തുറക്കുന്ന അപൂർവ കാഴ്ചയ്ക്കാണ് ഹറം പള്ളി സാക്ഷ്യം വഹിച്ചത്. ഉംറ നിർവഹിക്കാനും, പ്രാർഥിക്കാനുമായി എത്തിയവരായിരുന്നു ഈ വർഷത്തെ പ്രഥമ ഇഫ്താറിന് ഹറം പള്ളിയിൽ സംഗമിച്ചവരിൽ കൂടുതലും. റമദാൻ മാസം അവസാനിക്കുന്നത് വരെ ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ഈ ഇഫ്താർ സംഗമം തുടരും. ഇവിടെ ഇഫ്താറിന് വിരിക്കുന്ന മേശവിരിയുടെ മാത്രം നീളം 12 കിലോമീറ്ററിൽ കൂടുതൽ വരും. മഗ്രിബ് വാങ്കിനും നിസ്‌കാരത്തിനും ഇടയിൽ 10 മിനുറ്റ് കൊണ്ട് എല്ലാവരും നോമ്പ് തുറന്നു പൂർത്തിയാകും.
കാരക്കയും സംസം വെള്ളവുമാണ് നോമ്പ് തുറക്കുള്ള പ്രധാന വിഭവങ്ങൾ. അറബ് ഗഹ്വ, റൊട്ടി തുടങ്ങിയവ കഴിക്കുന്നവരും ഉണ്ട്. ഏതാണ്ട് 50 ലക്ഷത്തോളം കാരക്കയും 20 ലക്ഷത്തോളം ഗ്ലാസ് സംസം വെള്ളവും ഇഫ്താർ സമയത്ത് വിശ്വാസികൾ ഉപയോഗിക്കുന്നതായാണ് കണക്ക്. സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളുമെല്ലാമാണ് വിശ്വാസികൾക്ക് നോമ്പ് തുറ വിഭവങ്ങൾ എത്തിക്കുന്നത്.

