അമൃത്പാല്‍ സിങ്ങിന് അഭയം നല്‍കിയ യുവതിയും ഗണ്‍മാനും പിടിയില്‍

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വാദികളായ ”വാരിസ് പഞ്ചാബ് ദേ” തലവന്‍ അമൃത്പാല്‍ സിങ്ങിനായുള്ള തെരച്ചില്‍ ആറു ദിവസം പിന്നിട്ടു. അമൃത്പാല്‍ ഹരിയാനയിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് അതിര്‍ത്തി കടന്നും തിരച്ചില്‍ ഊര്‍ജിതമാക്കി. പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ച് വാഹനങ്ങളില്‍ മാറി മാറി 12 മണിക്കൂര്‍ തുടര്‍ച്ചയായി സഞ്ചരിച്ചാണ് അമൃത്പാല്‍ പഞ്ചാബില്‍നിന്ന് കടന്നത്.

അതേസമയം, അമൃത്പാലിനും കൂട്ടാളിക്കും അഭയം നല്‍കിയ യുവതി ഹരിയാനയില്‍ അറസ്റ്റിലായി. അമൃത്പാലിന്റെ ഗണ്‍മാന്‍ പഞ്ചാബിലും പിടിയിലായി. കുരുക്ഷേത്രയിലെ ഷഹാബാദിലുള്ള വീട്ടില്‍ അമൃത്പാലിനെയും കൂട്ടാളിയായ പപല്‍പ്രീത് സിങ്ങിനെയും പാര്‍പ്പിച്ചതിനാണ് ബല്‍ജിത് കൗര്‍ എന്ന യുവതിയെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ പഞ്ചാബ് പോലീസിന് കൈമാറി.

അമൃത്പാലിന്റെ ഗണ്‍മാന്‍ ഗൂര്‍ഖ ബാബ എന്ന തേജീന്ദര്‍ സിങ്ങാണ് പഞ്ചാബില്‍ അറസ്റ്റിലായത്. ഗില്‍ എന്ന പേരില്‍ മറ്റൊരാളും ഇവിടെ അമൃത്പാലിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നു. വാരിസ് പഞ്ചാബിനെതിരേ പോലീസ് നടപടി ശക്തമായതോടെ ഇയാള്‍ ഒളിവില്‍പ്പോയി. ആയുധ ലൈസന്‍സ് ഇല്ലാത്ത ഗില്‍ സോഷ്യല്‍ മീഡിയയിലൂടെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നതായും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അജ്‌നാല സംഭവത്തിലും ഗില്ലിനും പങ്കുള്ളതായി പോലീസ് സൂചിപ്പിക്കുന്നു. അമൃത്പാലിനും സംഘടനയ്ക്കുമെതിരേ കഴിഞ്ഞയാഴ്ചയാണ് പഞ്ചാബ് പോലീസ് കടുത്ത നടപടി ആരംഭിച്ചത്. ഇതിനിടെ നിരവധി ഖലിസ്ഥാന്‍ അനുകൂലികള്‍ അറസ്റ്റിലായി. പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട അമൃത്പാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തിയിട്ടുണ്ട്.
അതിനിടെ, അമൃത്പാലിന്റെ ഭാര്യ കിരണ്‍ദീപ് കൗറിനെയും മറ്റുകുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തു. ഭാര്യ കിരണ്‍ദീപ് കൗര്‍, പിതാവ് തര്‍സീം സിങ്, അമ്മ എന്നിവരെയാണ് ചോദ്യം ചെയ്തത്. ജല്ലുപുര്‍ ഖേദയിലെ വസതിയിലായിരുന്നു ചോദ്യം ചെയ്യല്‍. യു.കെയില്‍ സ്ഥിരതാമസമാക്കിയിരുന്ന കിരണ്‍ദീപ് കൗറിനെ ഫെബ്രുവരിയിലാണ് അമൃത്പാല്‍ വിവാഹം ചെയ്തത്.
അമൃത്പാലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്ന് അനധികൃത ഫണ്ട് എത്തുന്നു എന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കിരണിനെ പോലീസ് ചോദ്യം ചെയ്യുന്നത്. എന്നാല്‍, മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷവും പൊലീസിനു കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കായി 35 കോടിയുടെ കള്ളപ്പണം അമൃത്പാലിന്റെ പക്കലെത്തിയെന്നാണ് വിവരം. അമൃത്പാലിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം, അമൃത്പാലിനെതിരേ പോലീസ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ പഞ്ചാബിന്റെ ചില ഭാഗങ്ങളില്‍ മൊെബെല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ്. സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. മിക്ക പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും ചില മേഖലകളില്‍ ഇപ്പോഴും നിയന്ത്രണം തുടരുന്നു. താണ്‍ തരണ്‍, ഫിറോസ്പൂര്‍ ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇന്ന് ഉച്ചവരെ നീട്ടിയതായി സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →