കോഴിക്കോട്: കോഴിക്കോട് ആനിഹാള്‍ റോഡില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പൊക്കുന്ന് സ്വദേശിയായ ജിഷാന്തിന്റെ മൃതദേഹമാണ് കിണറ്റില്‍ കയറുകൊണ്ട് ചുറ്റിവരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തില്‍ മറ്റുപാടുകളോ പിടിവലിയുടെ ലക്ഷണങ്ങളോ ഇല്ല. എന്നാല്‍ മൃതദേഹത്തില്‍ കയറ് ചുറ്റിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. യുവാവ് കിണറ്റിലേക്ക് ചാടിയതാണോ അതോ ആരെങ്കിലും തളളിയിട്ടതാണോ എന്ന് പോലീസ് സംശയിക്കുന്നു.
2023 മാര്‍ച്ച 13 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ആനിഹാള്‍ പരിസരത്ത് ജിഷാന്ത് എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ഭാഗത്ത് മറ്റൊരാളുമായി ജിഷാന്ത് സംസാരിക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്. ജിഷാന്ത് മരണത്തിന് തൊട്ടുമുമ്പ് മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജിഷാന്തിനൊപ്പം നഗരത്തിലെത്തിയ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു. ടൗണിലെത്തിയ ശേഷം ജിഷാന്ത് മറ്റൊരിടത്തേക്ക് പോവുകയായിരുന്നെന്നും കൂടുതലൊന്നും അറിയില്ലെന്നുമാണ് സുഹൃത്തിന്റെ മൊഴി.

