തിരുവനന്തപുരം: ദേശീയ പാതയിൽ ആറ്റിങ്ങൽ കല്ലമ്പലം വെയിലൂരിൽ വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറിയുള്ള അപകടത്തിൽ കോളജ് വിദ്യാർത്ഥിനി മരണപ്പെട്ടു. കെ ടി സി ടി ആർട്സ് കോളേജിലെ എം എ ഇംഗ്ലീഷ് വിദ്യാർഥിനിയും ആറ്റിങ്ങൽ സ്വദേശിനിയുമായ ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. 22 വയസായിരുന്നു. 20 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്. 2023 മാർച്ച് 8 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
ആൽഫിയയെന്ന വിദ്യാർഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ എത്തിയ വിദ്യാർഥികൾ സ്വകാര്യ ബസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് ബസിന് പിന്നിൽ ഇടിക്കുകയും തുടർന്ന് ഇവിടെ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.
മൂന്ന് വിദ്യാർത്ഥികൾ വാഹനത്തിന് അടിയിൽപ്പെട്ടു. നിരവധിപേർ ഇടിയുടെ ആഘാതത്തിൽ പല ഭാഗത്തേക്ക് തെറിച്ചു വീണു. നാട്ടുകാർ ഉടൻ പരിക്ക് പറ്റിയവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് പറ്റിയ പലർക്കും ശരീരത്തിൽ എല്ലുകൾക്ക് പൊട്ടൽ ഏറ്റിട്ടുണ്ട്. കാർ ഓടിച്ച കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാറിന്റെ ഉടമ റഹീമും കാറിലുണ്ടായിരുന്നു. അതേസമയം, മേലെ വെട്ടിപ്രത്ത് കാറ് ബൈക്കുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. പാലക്കാട് സ്വദേശി സജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശി അനീഷിനും കട്ടപ്പന സ്വേദേശി ദേവനുമാണ് പരിക്കേറ്റത്. വളവ് തിരിഞ്ഞെത്തിയ കാറ് രണ്ട് ബൈക്കുകളിലേക്ക് ഇടിക്കുകയിയാരുന്നു. മരിച്ചവർ രണ്ടും ഒരു ബൈക്കിലാണുണ്ടായിരുന്നത്.

