ഓര്‍ഡര്‍ കാന്‍സല്‍‍ ചെയ്യലും മടക്കി അയക്കലും ഏറി; ഫ്‌ളിപ്കാര്‍ട്ടില്‍ പാര്‍ട്ട് പേമെന്റ് സംവിധാനം വരുന്നു

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി രാജ്യത്തു വരുത്തിയ സാമ്പത്തിക പ്രയാസങ്ങള്‍ ചില്ലറയല്ല. സമസ്ത മേഖലകളിലും അതിന്റെ പ്രഭാവം കാണാനുണ്ട്. ഓണ്‍ലൈന്‍ വ്യാപാരം തീരെ കുറഞ്ഞു. ഓര്‍ഡര്‍ ചെയ്യുന്ന പല സാധനങ്ങളും ബുക്ക് ചെയ്യുന്നവര്‍ കാന്‍സല്‍ ചെയ്യുന്നു. ഉല്‍പ്പന്നങ്ങള്‍ മടക്കി അയക്കുന്നവരും കുറവല്ല. കാഷ് ഓണ്‍ ഡെലിവറി സമ്പ്രദായത്തിനാണ് ഡിമാന്‍ഡ് കൂടുതല്‍. എന്നാല്‍, ഇതില്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുന്നവര്‍ ഏറെയാണ്.

ഇതിനു പരിഹാരമായി ഫ്ളിപ് കാര്‍ട്ടില്‍ പുതിയ രീതി അവലംബിക്കാന്‍ തീരുമാനിച്ചു. ഇനി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അഡ്വാന്‍സ് എന്ന നിലയില്‍ കുറച്ച് തുക അടയ്ക്കണം. ബാക്കി തുക ഡെലിവറി സമയത്ത് നല്‍കിയാല്‍ മതിയാവും. പുതിയ രീതി നടപ്പാവുന്നതോടെ കാന്‍സല്‍ ചെയ്യലും മടക്കിയയക്കലും കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ത്തന്നെ ഫ്ളിപ് കാര്‍ട്ടില്‍ പ്രീപെയ്ഡ്, കാഷ് ഓണ്‍ ഡെലിവറി, ഇഎംഐ ഓപ്ഷന്‍ സൗകര്യമുണ്ട്. ഇനി പാര്‍ട്ട് പേമെന്റെന്ന പുതിയ സമ്പ്രദായവും ലഭിക്കും. പാര്‍ട്ട് പേമെന്റില്‍ വിലയില്‍ വ്യത്യാസമുണ്ടാവില്ലെന്നാണ് കമ്പനി പറയുന്നത്.

2007ലാണ് ഫ്‌ളിപ് കാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അടുത്തിടെ വാള്‍മാര്‍ട്ട് നേതൃത്വം കൊടുക്കുന്ന നിക്ഷേപക ഗ്രൂപ്പ് ഫ്‌ലിപ് കാര്‍ട്ടില്‍ 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. 2018ല്‍ ഇവര്‍ 16 ബില്യണ്‍ ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ സ്വന്തമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →