തിരുവനന്തപുരം: ലഹരി മാഫിയയെ കുറിച്ചുള്ള പരമ്പരയിലെ വാർത്തക്കെതിരെ എടുത്ത കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്. ലഹരി മാഫിയക്കെതിരായ പോരാട്ടം നാടിന്റെ താത്പര്യമാണ്. ഇത് ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗമാണെന്നും മാധ്യമ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭരണകക്ഷി എംഎൽഎയുടെ പരാതിയിലെ തുടർനടപടി മിന്നൽ വേഗത്തിലായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. അന്വേഷണം തുടങ്ങും മുമ്പ് ഓഫീസിന് നേരെ അതിക്രമം ഉണ്ടായി. ഇതെല്ലാം ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്ന നിലപാടാണ് ഉള്ളതെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കി. സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിർഭയം നിരന്തരം തുടരുമെന്നും സിന്ധു സൂര്യകുമാർ വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
വാർത്താക്കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ: നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കും. നാട്ടിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരമ്പരയിലെ സ്റ്റോറിക്കെതിരെയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്ഐആറിൽ പറയുന്നത്. ലഹരിമാഫിയക്കെതിരായ പോരാട്ടം നാടിന്റെ താൽപര്യമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ്. ഒരു ഭരണകക്ഷി എംഎൽഎയുടെ പരാതിയിൻമേലുള്ള തുടർനടപടികളുടെ മിന്നൽവേഗം എടുത്തുപറയേണ്ടതാണ്. അന്വേഷണം പോലും തുടങ്ങുന്നതിന് മുമ്പ് ഓഫീസിനകത്ത് കയറി ഗുണ്ടായിസം നടത്തുന്നതും ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്ന നിലപാട് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കുന്നു. സ്വതന്ത്ര്യമായ മാധ്യമപ്രവർത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിർഭയം നിരന്തരം തുടരുമെന്നും ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ .

