റായ്പുര്‍: ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറേക്കു മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മറ്റൊരു പദയാത്രയ്ക്കു കോണ്‍ഗ്രസ് തയാറെടുക്കുന്നു. ഛത്തിസ്ഗഡിലെ റായ്പൂരില്‍ ഇന്നലെ അവസാനിച്ച പാര്‍ട്ടി പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
ത്യാഗത്തിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നും അതു നിര്‍ബന്ധമായും തുടരണമെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഹുല്‍ ചൂണ്ടിക്കാട്ടി. ”നമ്മുടെ ചോരയും വിയര്പ്പമുള്ള ഒരു പദ്ധതി തയാറാക്കൂ. രാജ്യം മുഴുവന്‍ നമുക്കൊപ്പമുണ്ടാകും. നാലുമാസത്തോളം നമ്മള് ഭാരത് ജോഡോ യാത്ര നടത്തി. കടുത്ത കാലാവസ്ഥ വകവയ്ക്കാതെ ലക്ഷങ്ങള്‍ അതില്‍ പങ്കെടുത്തു. നമ്മള് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. 1760 കിലോമീറ്റര്‍ നീണ്ട യാത്രയിലുടനീളം എന്റെ ഉത്തരവാദിത്വങ്ങളെപ്പറ്റിയാണു ചിന്തിച്ചത്. എല്ലാ ഗര്‍വും ഉപേക്ഷിക്കാനുള്ള സന്ദേശം ഭാരതമാതാവ് എനിക്കു നല്കി. ജനങ്ങളുമായി ഇടപഴകിയപ്പോള്‍ ഗര്‍വുകള്‍ ഇല്ലാതായി. ജമ്മു കശ്മീരിലെത്തുമ്പോഴേക്ക് ഞാന്‍ ശാന്തനായിരുന്നു. എനിക്കൊരു വീടില്ല. ധനികരോ പാവപ്പെട്ടവരോ, ചെറുപ്പക്കാരോ വയോധികരോ, ഏതു മതത്തില്‍പ്പെട്ടവരോ…എല്ലാവര്‍ക്കുമറിയാമായിരുന്നു ഞാന്‍ അവരുടെ വീട്ടിലേക്കാണു വരുന്നതെന്ന്”- രാഹുല്‍ പറഞ്ഞു.

