ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് യോഗത്തില്‍ വീണ്ടും അംഗങ്ങളുടെ തമ്മില്‍ത്തല്ല്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുപിന്നാലെയാണ് ഭരണപക്ഷമായ ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷത്തെ ബി.ജെ.പി. അംഗങ്ങളും ഏറ്റുമുട്ടിയത്. പ്രതിഷേധവും വാദപ്രതിവാദവും കനത്തതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി രാത്രി വൈകി പ്രഖ്യാപനം. തിങ്കളാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടത്തും.
ഇതു രണ്ടാം വട്ടമാണ് ആറ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ കലാശിക്കുന്നതും റദ്ദാക്കുന്നതും. കഴിഞ്ഞദിവസം അര്‍ധരാത്രിക്കുശേഷവും കൗണ്‍സില്‍ സമ്മേളിച്ചെങ്കിലും അഭിപ്രായഭിന്നതയും വാക്കേറ്റവും ഉടലെടുത്തതോടെ റദ്ദാക്കിയ തെരഞ്ഞെടുപ്പ് ഇന്നലെ രാവിലെ നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. രാവിലെ പതിനൊന്നോടെ വോട്ടിങ് ആരംഭിച്ചു. ഏഴ് സ്ഥാനാര്‍ഥികളാണ് ആറു സ്ഥാനങ്ങളിലേക്കു മത്സരിച്ചത്. നാലുപേര്‍ ആം ആദ്മിയില്‍നിന്നും ഒരു സ്വതന്ത്രനടക്കം മൂന്നുപേര്‍ ബി.ജെ.പിയില്‍നിന്നും ഭാഗ്യം പരീക്ഷിച്ചു.
കഴിഞ്ഞ ദിവസം സംഘര്‍ഷത്തിനു പ്രധാനഹേതുവായ സഭയിലെ മൊെബെല്‍ ഫോണ്‍ ഉപയോഗത്തിനു നിരോധനം ഏര്‍പ്പെടുത്തിയായിരുന്നു വോട്ടിങ്. ഇതിനെതിരേ ബി.ജെ.പി. അംഗം ഹര്‍ജിയുമായി പിന്നീട് കോടതിയെ സമീപിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടിയംഗമായ മേയര്‍ ഷെല്ലി ഒബ്റോയി അടക്കം 250 കൗണ്‍സിലര്‍മാരില്‍ 242 പേര് വോട്ട് രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞു മൂന്നോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം വരുംമുമ്പേ ആം ആദ്മി അംഗങ്ങള്‍ സഭയ്ക്കുള്ളില്‍ വിജയാഹ്ളാദ മുദ്രാവാക്യം മുഴക്കി.
നാലരയോടെ മേയര്‍ ഫലപ്രഖ്യാപനത്തിനു തയാറെടുത്തു. ഒരു വോട്ട് അസാധുവാണെന്ന മേയറുടെ പ്രഖ്യാപനത്തിനു പിന്നാലെ സഭ പ്രക്ഷുബ്ധമായി. മേയര്‍ പക്ഷപാതപരമായാണു പെരുമാറുന്നതെന്നു ബി.ജെ.പി. അംഗങ്ങള്‍ ആരോപിച്ചു. അസാധുവായ വോട്ട് കണക്കിലെടുത്തു മാത്രമായിരിക്കും ഫലപ്രഖ്യാപനമെന്നു മേയര്‍ ശഠിച്ചതു സ്ഥിതിഗതികള്‍ വഷളാക്കി. വോട്ട് അസാധുവല്ലെന്ന മുനിസിപ്പല്‍ സെക്രട്ടറിയുടെ വാദം മേയര്‍ ചെവിക്കൊള്ളുന്നില്ലെന്നും ഇതു തങ്ങളുടെ സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പാക്കാനാണെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി. ഇരുപക്ഷത്തെയും മൂന്നു വീതം സ്ഥാനാര്‍ഥികള്‍ ജയിച്ചെന്നും ആം ആദ്മിയിലെ ഒരംഗം തോറ്റെന്നും ബി.ജെ.പി. ആരോപിച്ചു. ഇയാളെ വിജയിപ്പിക്കാനാണ് വോട്ട് അസാധുവാക്കലിനു മേയര്‍ മുതിര്‍ന്നതെന്നും അവര്‍ ആരോപിച്ചു.
വാക്കേറ്റത്തിനിടയില്‍ മേയര്‍ വീണ്ടും വോട്ടെണ്ണലിന് ഉത്തരവിട്ടെങ്കിലും അസാധുവായി പ്രഖ്യാപിച്ച ഒരുവോട്ട് പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സഭയില്‍ െകെയാങ്കളിയായി. ആപ്-ബി.ജെ.പി. അംഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. െമെക്കും ചെരിപ്പും അടക്കം ഉപയോഗിച്ചായിരുന്നു അടി. പോര്‍വിളിയും ഉന്തും തള്ളും അരങ്ങേറി. എതിരാളികളുടെ കഴുത്തിനുപിടിച്ചുള്ള തള്ളലില്‍ നിലതെറ്റി അംഗങ്ങള്‍ സഭയില്‍ വീണു. ഒരംഗത്തെ ഓടിച്ചിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ അശോക് കുമാര്‍ മാനു ബോധരഹിതനായി. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നു പുറത്തെത്തിച്ച മാനു പിന്നീട് സഭയില്‍ തിരിച്ചെത്തി സംഘര്‍ഷത്തില്‍ പങ്കാളിയായി. ഉന്തിലും തള്ളിലും മുറിഞ്ഞ ഇടതുെകെ ഉയര്‍ത്തിക്കാട്ടി ബി.ജെ.പിയിലെ മീനാക്ഷി ശര്‍മ ആം ആദ്മി അംഗങ്ങള്‍ ഗുണ്ടകളെപ്പോലെയാണു പെരുമാറിയതെന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ പരിതപിച്ചു. സംഘര്‍ഷത്തിന് അയവുവരാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയെന്നും തിങ്കളാഴ്ച രാവിലെ 11ന് സഭ വീണ്ടും ചേരുമ്പോള്‍ വോട്ടെടുപ്പ് വീണ്ടും നടത്തുമെന്നും മേയര്‍ വ്യക്തമാക്കി. പിന്നാലെ മുദ്രാവാക്യം വിളികളുമായി ഇരുപക്ഷവും സഭവിടുകയും ചെയ്തു. വസ്ത്രങ്ങളടക്കം കീറിയ നിലയിലായിരുന്നു പല അംഗങ്ങളും പുറത്തെത്തിയത്. തമ്മിലടിയില്‍ ചിലര്‍ക്ക് ചെറിയ പരുക്കുകളുണ്ടെന്നാണു വിവരം.
കഴിഞ്ഞ ബുധനാഴ്ച നടന്ന ആദ്യവട്ടം സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പും അലങ്കോലമായിരുന്നു. അര്‍ധരാത്രിയിലും ചേരിതിരിഞ്ഞ് അംഗങ്ങള്‍ ഏറ്റുമുട്ടി. ബാലറ്റ് പെട്ടികള്‍ അടക്കം എറിഞ്ഞായിരുന്നു തമ്മിലടി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ സഭ പിരിയുകയായിരുന്നു.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വീണ്ടും അംഗങ്ങളുടെ തമ്മില്‍ത്തല്ല്.
