നാഷണല്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുംഗുരുതരപിഴവ് പറ്റിയെന്നു കണ്ടെത്തല്‍

കോഴിക്കോട് : കോഴിക്കോട് മാവൂര്‍ റോഡിലെ നാഷണല്‍ ആശുപത്രിയില്‍ അമ്പത്തിയെട്ടുകാരിയുടെ അസുഖമുള്ള ഇടതുകാലിനു പകരം വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കും ഗുരുതരപിഴവ് പറ്റിയെന്നു കണ്ടെത്തല്‍. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിച്ച അഡീഷണല്‍ ഡി.എം.ഒ. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു കൈമാറി. നാളെ ആശുപത്രി അധികൃതരെ വിളിച്ചുവരുത്തി വിദഗ്ധാന്വേഷണം നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
കോഴിക്കോട് കക്കോടിക്കു സമീപം മക്കടയില്‍ നക്ഷത്ര വീട്ടില്‍ സുകുമാരന്റെ ഭാര്യ സജ്‌നയാണ് നാഷണല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ ബലിയാടായത്. സജ്‌നയെ എട്ടുമാസമായി ചികിത്സിക്കുന്ന നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവികൂടിയായ ഡോ. ബഹിര്‍ഷാനു പിഴവ് പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. സ്‌കാനിങ് റിപ്പോര്‍ട്ട് അടക്കം എല്ലാ തെളിവുകളും സഹിതമായിരുന്നു കുടുംബം ഇതു സംബന്ധിച്ചു പരാതി നല്‍കിയത്. ചികിത്സാപ്പിഴവ് വന്‍ വിവാദമായ സാഹചര്യത്തില്‍ പഴുതടച്ചുള്ള അന്വേഷണത്തിലേക്കു നീങ്ങാനാണ് ആരോഗ്യവകുപ്പിന്റെയും തീരുമാനം.
എല്ലുരോഗ വിദഗ്ധനുള്‍പ്പെട്ട സംഘം തുടരന്വേഷണം നടത്തും. ആശുപത്രിയിലെ മുഴുവന്‍ രേഖകളും പരിശോധിക്കും. രേഖകള്‍ അപ്പാടെ തിരുത്തിയെന്ന ആരോപണം കുടുംബം ആവര്‍ത്തിക്കുന്നുണ്ട്. ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഡോ. ബഹിര്‍ഷാന്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയതില്‍ തെറ്റ് പറ്റിയെന്നു സമ്മതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സത്യത്തില്‍ ഇടതുകാലിനു വേണ്ടിയാണ് താന്‍ മുന്നൊരുക്കം നടത്തിയതെന്ന് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഡോ. ബഹിര്‍ഷാന്‍, സജ്‌നയുടെ ബന്ധുക്കളോട് സമ്മതിക്കുന്നുണ്ട്. ”നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല”- ബഹിര്‍ഷാന്‍ കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സജ്‌നയുടെ ബന്ധുക്കള്‍ പുറത്തുവിട്ടു. കൂടുതല്‍ തെളിവുകളും ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നതോടെ പോലീസും അന്വേഷണം ഊര്‍ജിതമാക്കി. ചികിത്സാരേഖകളടക്കം പിടിച്ചെടുത്താണ് നടക്കാവ് പോലീസിന്റെ വിശദമായ അന്വേഷണം.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സജ്‌നയ്ക്ക് നാഷണല്‍ ആശുപത്രില്‍ ശസ്ത്രക്രിയ നടത്തിയത്. മയക്കം വിട്ടതോടെ കാലു മാറിയാണു ശസ്ത്രക്രിയ നടത്തിയതെന്ന് സജ്‌നയ്ക്ക് ബോധ്യമാവുകയും ഡോക്ടറെ വിളിച്ച് ബോധ്യപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ തെറ്റ് സമ്മതിക്കാന്‍ തയാറാകാതെ നാഷണല്‍ ആശുപത്രി മാനേജ്‌മെന്റ് ധാര്‍ഷ്ഠ്യം പ്രകടിപ്പിച്ചതോടെ പോലീസില്‍ പരാതി നല്‍കി.
സിറ്റി പോലീസ് കമ്മീഷണര്‍ക്കു സജ്‌ന നേരിട്ട് പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടക്കാവ് പോലീസ് കഴിഞ്ഞ ചൊവ്വാഴ്ച മൊഴിയെടുത്തു. തുടര്‍ന്ന് നാഷണല്‍ ആശുപത്രിയിലെത്തിയ പോലീസ് ചികിത്സാസംബന്ധിയായ രേഖകള്‍ പിടിച്ചെടുത്തു. ഈ രേഖകളെല്ലാം വെട്ടിത്തിരുത്തിയതാണെന്നു സജ്‌നയും കുടുംബവും ആരോപിക്കുന്നു. ഇടതുകാല്‍ എന്നതിനു പകരം വലതുകാല്‍ എന്നു തിരുത്തിയാണ് രേഖകള്‍ പോലീസിനു കൈമാറിയത്. അതേസമയം ഇടതുകാലിലെ രോമമടക്കം നീക്കംചെയ്ത് പ്രാഥമിക മുന്നൊരുക്കങ്ങളെല്ലാം നടത്തിയാണ് സജ്‌നയെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയതും.
ആദ്യഘട്ടത്തില്‍ പോലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങിയെങ്കിലും നാഷണല്‍ ആശുപത്രിക്കെതിരേ ജനകീയരോഷം ഉയര്‍ന്നതോടെ ഊര്‍ജിതമാക്കിയിട്ടുണ്ട്. എ.സി.പി. ബിജുരാജ് ഇന്നലെ മെഡിക്കല്‍ കോളജിലെത്തി സജ്‌നയുടെ മൊഴിയെടുത്തു.

Share
അഭിപ്രായം എഴുതാം