ആക്രമണങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. സഭകളുടെയും 79 സംഘടനകളുടെയും നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ ഇന്നലെ രാവിലെയാണു പ്രതിഷേധപരിപാടി നടത്തിയത്. പ്രതിഷേധത്തിനുശേഷം സമുദായത്തെ ലക്ഷ്യംവച്ച് നടക്കുന്ന ആക്രമണങ്ങള്‍ സംബന്ധിച്ചു വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മിഷനു സഭാനേതാക്കള്‍ നിവേദനം നല്‍കി. സമാന നിവേദനം രാഷ്ട്രപതിക്കും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചു വ്യാപകമായ ആക്രമണങ്ങളാണു നടക്കുന്നതെന്നു പ്രക്ഷോഭകര്‍ പരാതിപ്പെട്ടു. പള്ളികള്‍ക്കുനേരെ ആക്രമണം നടക്കുന്നു. ഭീതിയോടെയാണു ക്രിസ്ത്യന്‍ സമുദായം ജീവിക്കുന്നത്. 2021ല്‍ 525 ഇത്തരം കേസുകളാണു റിപ്പോര്‍ട്ട്‌ചെയ്തതെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 600 കവിഞ്ഞു. നിലവിലെ സാഹചര്യം സര്‍ക്കാരിന്റെയും ജുഡീഷ്യറിയുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്താനാണു തലസ്ഥാനനഗരിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് യുണൈറ്റഡ് ക്രിസ്റ്റിയന്‍ ഫോറം അധ്യക്ഷന്‍ ഡോ. മൈക്കിള്‍ വില്യംസ് പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന ആക്രമണം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗണ്യമായി വര്‍ധിച്ചെന്നു നിവേദനത്തിലും ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, ഉത്താരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണു കൂടുതല്‍ ആക്രമണം. രാജ്യത്ത് വെറുപ്പും വിദ്വേഷവും പടരുന്നുവെന്ന പ്രചാരണത്തിന് ഇത്തരം പ്രക്ഷോഭം കരുത്തുപകരുമെന്നു ബി.ജെ.പി. നേതാക്കള്‍ക്ക് ആശങ്കയുണ്ട്.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് 27നാണ്. ക്രൈസ്തവ സംഘടനകളുടെ ആരോപണത്തില്‍ പ്രതിസ്ഥാനത്ത് വരുന്നത് സംഘപരിവാര്‍ സംഘടനകളാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യതലസ്ഥാനത്തെ പ്രക്ഷോഭം രാഷ്ട്രീയ ആയുധമാക്കുമെന്നാണു ഭയം.
കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ കണ്ണുനട്ടാണു ബി.ജെ.പി.യുടെ നീക്കം. ഇത്തരം ശ്രമങ്ങള്‍ക്കും ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം തിരിച്ചടിയാകുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →