കണ്ണൂർ: അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഷുഹൈബ് കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് തെളിവാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്നും വി.ഡി സതീശൻ പറഞ്ഞു. ആകാശ് തില്ലങ്കേരി പാർട്ടിയെയും പാർട്ടി നേതാക്കളെയും വിരട്ടുകയാണെന്നും മനുഷത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറിയെന്നും ക്രിമിനലുകൾക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ എന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് സിബിഐ അന്വേഷണത്തെ സിപിഎം പേടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആകാശ് തില്ലങ്കേരിയെ പോലെയുളളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് കോടിയിലധികം തുകയാണ് ഈ ക്രിമിനലുകൾക്ക് വേണ്ടി സർക്കാർ ചെലവഴിക്കുന്നതും ക്രിമിനലുകളുടെ വിരലിൽ കിടന്ന് കറങ്ങുകയാണ് സിപിഎം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വപ്നയെ ഉപയോഗിച്ച് ധനസമ്പാദനമാണ് ചെയ്തതതെന്നും ക്രിമിനലുകൾ പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന അപകടകരമായ സ്ഥിതിയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രശ്നങ്ങളിലും സിപിഎം ഉൾപ്പെടുന്ന ദയനീയ കാഴ്ചയാണ് കാണുന്നതെന്നും പാർട്ടിയുടെ ജീർണതയാണ് വെളിപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് ഇപ്പോൾ പുതിയ രീതിയാണെന്നും വിജനമായ വഴിയിലൂടെയാണ് മുഖ്യമന്ത്രിക്ക് പോകേണ്ടതെന്നും ഒരു മുഖ്യമന്ത്രിയും ഇതുപോലെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബംഗാളിലെ സിപിഎമ്മിനുണ്ടായ അതേ അനുഭവം കേരളത്തിനും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു
.
.