വ്യാജ ജനന സർട്ടിഫിക്കറ്റ്: ആരോപണങ്ങൾ തള്ളി ആശുപത്രി സൂപ്രണ്ട്

വ്യാജ ജനന സർട്ടിഫിക്കറ്റ്: ആരോപണങ്ങൾ തള്ളി ആശുപത്രി സൂപ്രണ്ട്,

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി. കുഞ്ഞിനെ ദത്ത് എടുത്തത് നിയമ വിരുദ്ധമായിട്ടാണെന്ന് കണ്ടെത്തിയ സിഡബ്ല്യുസി, കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാൻ നിർദ്ദേശം നൽകി. മാതാപിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സിഡബ്ല്യുസി ചെയർമാൻ കെ കെ ഷാജു മാദ്ധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സംഭവത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേസിലെ പ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറും ആശുപത്രി അധികൃതരും. മെഡിക്കൽ കോളജ് സൂപ്രണ്ട് പറ‍ഞ്ഞിട്ടാണ് തൃപ്പൂണിത്തുറ സ്വദേശിയുടെ കുട്ടിയ്ക്കായി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതെന്നാണ് അനിൽകുമാറിൻറെ വാദം. എന്നാൽ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപെടാൻ പ്രതി അനിൽകുമാർ കളളക്കഥ മെനയുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹനും അറിയിച്ചു. സംഭവത്തിൽ സസ്പെൻഡ് ചെയ്തതിന് പിന്നാലെ അനിൽകുമാർ സൂപ്രണ്ടിന്റെ മുറിയിലെത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽക്കഴിയുന്നതിനിടെയാണ് അനിൽകുമാറിൻറെ ഈ വിശദീകരണം. താൻ മാത്രം വിചാരിച്ചാൽ ഇത്തരമൊരു സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ കഴിയില്ല. തൃപ്പൂണിത്തുറ സ്വദേശി അനൂപിനെ തനിക്ക് പരിചയപ്പെടുത്തിയത് ആശുപത്രി സൂപ്രണ്ടാണ്. അദ്ദേഹം പറ‌ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തത്. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനുവേണ്ടി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. അതിൻറെ വാട്സ് ആപ് ചാറ്റും തന്റെ പക്കലുണ്ടെന്ന് അനിൽകുമാർ പറയുന്നു.

സാമ്പത്തിക ക്രമക്കേടിൽ അനിൽകുമാറിനെതിരെ കണ്ടെത്തലുണ്ടെന്നും അതിന്റെ വൈരാഗ്യത്തിൽ കൂടിയാണ് കള്ളക്കഥമെനയുന്നതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതിന് ആശുപത്രി അധികൃതർ തന്നെയാണ് അനിൽകുമാറിനെ കണ്ടെത്തി നടപടിയെടുത്തത്.

അതിനിടെ, സസ്പെൻഷനിലായതിന് പിന്നാലെ 2023 ഫെബ്രുവരി 3 വെളളിയാഴ്ച രാവിലെ പത്തരയ്ക്ക് അനിൽകുമാർ ആശുപത്രി സൂപ്രണ്ടിന്റെ മുറിയിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും തെറ്റുപറ്റിയെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അനിൽകുമാർ തന്നോട് ആപേക്ഷിച്ചെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →