മേപ്പയ്യൂരില്‍നിന്നു കാണാതായ യുവാവിനെ ഗോവയില്‍ കണ്ടെത്തി


കോഴിക്കോട്: മേപ്പയ്യൂരില്‍നിന്നു കാണാതായ ദീപകിനെ കണ്ടെത്തി. ഗോവയിലെ പനാജിയില്‍നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് ദീപക് ഇപ്പോള്‍. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായ ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ഗോവ പോലീസിനു പനാജിയില്‍ ഇയാളെ കണ്ടെത്താനായത്.

സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം ദീപകിന്റേതെന്ന സംശയത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍നിന്നു കാണാതായത്. ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹത്തിന് ദീപകിന്റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാലാണു ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചത്. പോലീസ് ഡി.എന്‍.എ. പരിശോധനയ്ക്കുവേണ്ടി മൃതദേഹത്തില്‍നിന്ന് സാംപിള്‍ എടുത്തിരുന്നു. ഇതിനിടെയാണ് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങിയത്. പിന്നീട് ഡി.എന്‍.എ. പരിശോധനാഫലം വന്നതോടെ ദീപക്കിന്റേതെന്നു കരുതി സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതെന്നു വ്യക്തമായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദീപക്കിനെക്കുറിച്ച് വിവരം കിട്ടിയില്ല. ഇതിനിടെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. കൂടത്തായി കൊലപാതക പരമ്പരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷണം ഏറ്റെടുത്തു.

എറണാകുളത്തേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ദീപക്കിന്റെ മൊബൈല്‍ ഫോണ്‍ അവസാനമായി കോഴിക്കോട് മാവൂര്‍ റോഡില്‍വച്ചാണ് ഓഫായത്. ഇത് സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു. ദീപക്കിന്റെ വിദേശത്തുള്ള ചില ബന്ധുക്കളില്‍നിന്ന് അന്വേഷണസംഘം വിവരം ശേഖരിച്ചിരുന്നു. മുമ്പ് വിദേശത്ത് ചില കേസുകളില്‍പെട്ട് ദീപക് ജയിലില്‍ കിടന്നതായും അന്വേഷണസംഘത്തിന് വിവരം കിട്ടി. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് ദീപക് ഗോവയിലുണ്ടെന്നു വ്യക്തമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →