റാഞ്ചി: ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 21 റണ്ണിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യക്ക് ഒന്‍പത് വിക്കറ്റിന് 155 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. കന്നി അര്‍ധ സെഞ്ചുറി നേടിയ വാഷിങ്ടണ്‍ സുന്ദര്‍ (26 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 50), സൂര്യകുമാര്‍ യാദവ് (34 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം 47) എന്നിവര്‍ ഒഴികെയുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി രാഹുല്‍ ത്രിപാഠി, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു റണ്ണെടുക്കാനായില്ല. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍ (ഏഴ്), ഇഷാന്‍ കിഷന്‍ (നാല്) എന്നിവരും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (20 പന്തില്‍ 21) നിറംകെട്ടു. മിച്ചല്‍ ബ്രേസ്‌വെല്‍, നായകന്‍ മിച്ചല്‍ സാന്റ്‌നര്‍, ലൂകി ഫെര്‍ഗുസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. ഇഷ് സോധി, ജേക്കബ് ഡഫി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
30 പന്തില്‍ അഞ്ച് സിക്‌സറും മൂന്ന് ഫോറുമടക്കം 59 റണ്ണുമായി പുറത്താകാതെനിന്ന ഡാരില്‍ മിച്ചലും 35 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 52 റണ്ണെടുത്ത ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയുമാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ ഫിന്‍ അലനും (23 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 35) മികച്ച ബാറ്റിങ് പുറത്തെടുത്തു.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനു വിട്ടു. അലനും കോണ്‍വേയും ചേര്‍ന്ന് അവര്‍ക്കു മികച്ച തുടക്കം നല്‍കി. അലനെ സൂര്യകുമാര്‍ യാദവിന്റെ കൈയിലെത്തിച്ചു വാഷിങ്ടണ്‍ സുന്ദര്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. മൂന്നാമനായി ഇറങ്ങിയ മാര്‍ക്ക് ചാപ്മാനെ (0) അതേ ഓവറില്‍ തന്നെ സുന്ദര്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. ശേഷം വന്ന ബാറ്റര്‍മാര്‍ക്കും തിളങ്ങാനായില്ല. ഫിലിപ്‌സ് (22 പന്തില്‍ 17), മൈക്കിള്‍ ബ്രേസ്‌വെല്‍ (ഒന്ന്), നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ (ഏഴ്) എന്നിവര്‍ നിറംകെട്ടു. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ 27 റണ്‍ അടിച്ചു കൂട്ടിയ മിച്ചല്‍ കളിയുടെ ഗതി തന്നെ മാറ്റി. ഇന്ത്യക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ്, കുല്‍ദീപ് യാദവ്, ശിവം മാവി എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. അര്‍ഷ്ദീപ് നാല് ഓവറില്‍ 51 റണ്‍ വഴങ്ങി.

