ഇസ്ലാമാബാദ്: ഡോളറിനെതിരേ കൂപ്പുകുത്തി പാക് കറന്‍സി. ഇന്നലെ ഡോളറിന് 262.2 പാക് രൂപ എന്ന നിലയ്ക്കായിരുന്നു മാര്‍ക്കറ്റ് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ ഇത് 266 വരെ താഴ്ന്നിരുന്നു. പിന്നീട് നില അല്‍പ്പം മെച്ചപ്പെടുത്തി 262.2 നിലവാരത്തിലെത്തി. പാകിസ്താന് സ്റ്റേറ്റ് ബാങ്കിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ചത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 7.17 രൂപ അല്ലെങ്കില്‍ 2.73 ശതമാനം ഇടിവ് രൂപയുടെ മൂല്യത്തിലുണ്ടായി. 1999 നു ശേഷം ആദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയും ഇടിവുണ്ടാകുന്നത്. രാജ്യാന്തര നാണ്യനിധിയില്‍നിന്ന് (ഐ.എം.എഫ്.) കൂടുതല്‍ വായ്പ ലഭിക്കാന്‍ വിനിമയനിരക്കില്‍ അയവു വരുത്തിയതോടെയാണ് പാക് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.
ശ്രീലങ്കയ്ക്കു പിന്നാലെ പാകിസ്താനും കനത്ത സാമ്പത്തികത്തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ദക്ഷിണേഷ്യയിലെ ഏറ്റവും ദയനീയ സമ്പദ്വ്യവസ്ഥ’യെന്നാണ് ലോകബാങ്ക് പാകിസ്താനെ വിശേഷിപ്പിക്കുന്നത്. വിദേശസഹായം കൊണ്ടു മാത്രമേ പാകിസ്താനു പിടിച്ചുനില്ക്കാന് കഴിയൂവെന്നും അതിനൊപ്പം ശക്തമായ ഒരു ഭരണകൂടം കൂടി വേണമെന്നും രാജ്യാന്തര നിരീക്ഷകര്‍ വിലയിരുത്തുന്നു. 2022 ല്‍ വിലക്കയറ്റം 25% വരെ വര്‍ധിച്ചെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ റിപ്പോര്‍ട്ട്. അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ കൂടി. ചില പച്ചക്കറികള്‍ക്ക് 500% വരെ വില കയറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി 6 ന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കില്‍ ഈ ജനുവരി അഞ്ചിന് അത് 220.4 രൂപയായി. ഇന്ധന വില 61% ആണ് വര്‍ധിച്ചത്. രാജ്യത്ത് ചിലയിടങ്ങളില്‍ ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വില. ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണ ട്രക്കുകള്‍ക്കു പിന്നാലെ പായുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
അതിനിടെ, സഹായത്തിന്റെ അടുത്ത ഗഡു നല്കുന്നതിനു മുന്നോടിയായി ഐ.എം.എഫ്. സംഘം അടുത്തയാഴ്ച പാകിസ്താനിലെത്തും. എഴുനൂറു കോടി ഡോളറിന്റെ സഹായമാണ് പാകിസ്താന് തേടിയിരിക്കുന്നത്. ഇത് ഒന്‍പതാം വട്ടമാണ് ഐ.എം.എഫുമായി ചര്‍ച്ച നടത്തുന്നത്. ഇപ്പോള്‍ 118 കോടി ഡോളര്‍ വിട്ടുകിട്ടുന്നതിനാണ് ചര്‍ച്ച.
അതേസമയം, വൈദ്യുതി വിതരണ സംവിധാനം (ഗ്രിഡ്) തകരാറിലായതോടെ തിങ്കളാഴ്ച 20 കോടിയോളം ജനങ്ങള്‍ ഇരുട്ടിലായി. മൂന്നുമാസത്തിനിടെ ദക്ഷിണേഷ്യയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ വൈദ്യുത തടസമാണിതെന്നാണ് റിപ്പോര്‍ട്ട്. പ്രധാന നഗരങ്ങളായ കറാച്ചി, ഇസ്ലാമാബാദ്, ലഹോര്‍, പെഷാവര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു. ആശുപത്രികളെയും സ്കൂളുകളെയും ഫാക്ടറികളെയും ഇന്റര്‍നെറ്റ്, മൊെബെല്‍ ഫോണ്‍ സേവനങ്ങളെയും ഇതു ബാധിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജനങ്ങള്‍ക്ക് ഇന്ധനം വാങ്ങേണ്ടിവന്നു. ചൊവ്വാഴ്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും 24 മണിക്കൂര്‍ വൈദ്യുതി ഇല്ലാതെ വന്നത് ജനത്തെ ദുരിതത്തിലാക്കി. കൂപ്പുകുത്തി പാക് കറന്‍സി; സമ്പൂര്‍ണ നാശം അരികെ?

