ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലെ 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യക്കു നഷ്ടപ്പെട്ടെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. കാരകോറം ചുരം മുതല്‍ ചുമുര്‍ വരെ 65 പട്രോളിങ് പോയിന്റുകളിലാണ് ഇന്ത്യന്‍ സുരക്ഷാസേനകള്‍ പതിവായി നിരീക്ഷണം നടത്തിയിരുന്നത്. അതില്‍ 5-17, 24-32, 37 പട്രോളിങ് പോയിന്റുകളില്‍ നിലവില്‍ ഇന്ത്യന്‍ സൈനികസാന്നിധ്യമില്ലെന്നു ലേയിലെ എസ്.പി: പി.ഡി. നിത്യ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
ഡല്‍ഹിയില്‍ ചേര്‍ന്ന, രാജ്യത്തെ പോലീസ് ഉന്നതോദ്യോഗസ്ഥരുടെ വാര്‍ഷികസമ്മേളനത്തിലാണു റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇത്തരം മേഖലകളില്‍ ദീര്‍ഘകാലമായി ഇന്ത്യന്‍ സൈനികസാന്നിധ്യമില്ലെന്ന വസ്തുത അംഗീകരിക്കാന്‍ ചൈനീസ് സൈന്യം നമ്മെ നിര്‍ബന്ധിതരാക്കിയെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ചൈനീസ് സൈനികസാന്നിധ്യമാണ് അവിടങ്ങളിലുള്ളത്. ഇത് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഭൂവിഭാഗത്തിന്റെയും കരുതല്‍ മേഖലയുടെയും തല്‍സ്ഥിതി മാറ്റിമറിച്ചു. ഇന്ത്യന്‍ ഭൂമി ഇഞ്ചിഞ്ചായി പിടിച്ചടക്കുന്ന ഈ ചൈനീസ് തന്ത്രം ‘സലാമി സ്ളൈസിങ്’ എന്നാണ് അറിയപ്പെടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സേനാപിന്മാറ്റചര്ച്ചകള്ക്കിടെ ബഫര്‍ സോണിന്റെ (കരുതല്‍ മേഖല) ആനുകൂല്യം മുതലെടുത്ത ചൈനീസ് സൈന്യം ഉയര്‍ന്നമേഖലകളില്‍ മികച്ച ക്യാമറകള്‍ സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ ഓരോ ചലനവും നിരീക്ഷിച്ചുവരുകയാണ്.
ബഫര്‍ സോണില്പ്പോലും അവകാശവാദമുന്നയിച്ച്, അവര്‍ നമ്മുടെ നീക്കങ്ങള്‍ തടയുന്നു. 2020-ല്‍ ഇരുസെന്യങ്ങളും ഏറ്റുമുട്ടിയ ഗാല്‍വാന്‍ താഴ്വരയിലും ചൈനീസ് തന്ത്രം ഇതുതന്നെയായിരുന്നു.
ചൈനയുടെ കടന്നുകയറ്റം ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യത്തെയും ബാധിച്ചിട്ടുണ്ടെന്നു നിത്യയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 400 മീറ്റര്‍ നമ്മള് പിന്‍വാങ്ങിയാല്‍ നാലുവര്‍ഷത്തേക്കു സമാധാനമുണ്ടാകുമെന്നും അങ്ങനെയാണെങ്കില്‍ അതല്ലേ നല്ലതെന്നുമാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞത്. യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈന ഏകപക്ഷീയമായി തല്‍സ്ഥിതി മാറ്റിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ച് ഒരുമാസം പിന്നിടുമ്പോഴാണു പോലീസിന്റെ ആശങ്കാജനകമായ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഭൂമി നഷ്ടപ്പെട്ടില്ലെന്ന് സൈന്യം;
കേന്ദ്രസര്‍ക്കാരിനു മൗനം
ലഡാക്ക് പോലീസിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, നയതന്ത്രചര്‍ച്ചകളുടെ ഭാഗമായി ചില പോയിന്റുകളില്‍ ഇരുസെന്യങ്ങള്ക്കും പട്രോളിങ് നിയന്ത്രണമുണ്ടെങ്കിലും ഇന്ത്യന്‍ ഭൂമി നഷ്ടപ്പെട്ടിട്ടില്ലെന്നു പ്രതിരോധവൃത്തങ്ങള്‍ വ്യക്തമാക്കി. പിന്മാറ്റമേഖലകളില് ഇന്ത്യയുടെ നിരീക്ഷണസംവിധാനങ്ങള്‍ ചൈനയ്ക്കൊപ്പമോ അതിലും മികച്ച രീതിയിലോ ശക്തമാണ്. തദ്ദേശഭരണകൂടങ്ങളുമായി സഹകരിച്ച്, പ്രദേശവാസികള്‍ക്കു കാലിമേയ്ക്കലിനുള്പ്പെടെ എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുണ്ടെന്നും സൈന്യം ചൂണ്ടിക്കാട്ടി.